ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അര്‍ണാബ് ഗോസ്വാമിയ്ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിനെ ആശ്രയിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍.
ഇതുസംബന്ധിച്ച ഹരജി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അര്‍ണബിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി അവധിയില്‍ വെച്ചപ്പോഴും സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയകാര്യവും സിബല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെയാണ് ഹരജി സമര്‍പ്പിച്ചത്.
പൊലീസ് എഫ്.ഐ.ആര്‍ ആരോപണങ്ങള്‍ കുറ്റകൃത്യത്തെ സാധൂകരിക്കുന്നതാണോ എന്ന് കണ്ടെത്തേണ്ട ഉത്തരവാദിത്തം കോടതിയ്ക്കുണ്ടെന്നും സിബല്‍ ഹരജിയില്‍ പറയുന്നു. അര്‍ണബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ചില പ്രഭുക്കന്‍മാര്‍ ഇടപെട്ടിരുന്നു. ആ വസ്തുതയെ ഞാന്‍ ഇവിടെ ആശ്രയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ അഞ്ചിനായിരുന്നു സിദ്ദീഖ് കാപ്പനടക്കം നാലു പേരെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്നുമാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, പിന്നീട് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ കൂടുതല്‍ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യു.എ.പി.എയും ചുമത്തിയിരുന്നു.
അറസ്റ്റ് ചെയ്ത് 49 ദിവസത്തിന് ശേഷമാണ് അഭിഭാഷകനെ കാണാന്‍ പോലും ഉത്തര്‍ പ്രദേശ് പൊലീസ് സിദ്ദിഖിനെ അനുവദിച്ചത്.
സിദ്ദിഖ് കാപ്പനെതിരെയുള്ള നടപടി മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മേലുള്ള കയ്യേറ്റമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകനും കേസില്‍ സിദ്ദിഖിന് വേണ്ടി കെ.യു.ഡബ്ല്യു.ജെ സമര്‍പ്പിച്ച ഹരജിയില്‍ ഹാജരാവുന്ന അഡ്വ. വില്‍സ് മാത്യൂസ് ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.
സിദ്ദിഖ് കാപ്പന്റെ മോചനം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി നിരവധി സാമൂഹ്യപ്രവത്തകര്‍ രംഗത്തെത്തിയിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റത്തിന്അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി അതിവേഗം പരിഗണിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ദിഖ് കാപ്പന്‍ വിഷയം ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
കാപ്പനെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ.) രംഗത്തെത്തിയിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടിരിക്കുന്നത്.
സിദ്ദിഖ് കാപ്പനെതിരെ പൊലീസ് സ്വീകരിച്ചത് നിയമവിരുദ്ധ നടപടികളാണെന്നും ഇതിന് അവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിരപരാധിത്വം തെളിയിക്കാനായി നുണ പരിശോധനക്ക് വിധേയനാവാന്‍ തയ്യാറാണെന്ന് സിദ്ദിഖ് അറിയിച്ചിരുന്നെന്നും കെ.യു.ഡബ്ല്യു.ജെ ചൂണ്ടിക്കാണിക്കുന്നു.
ഉത്തര്‍ പ്രദേശ് പൊലീസ് ആരോപിക്കുന്നത് പോലെ സുപ്രീം കോടതിയുമായി സിദ്ദിഖ് കാപ്പന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം ഒരു മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനാണെന്നും സംഘടന അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക