| Wednesday, 24th February 2021, 10:06 pm

'ഏത് പശ്ചാത്തലത്തിലാണ് ഈ പ്രസ്താവനയെന്ന് അദ്ദേഹം വിശദീകരിക്കണം'; രാഹുലിന്റെ പ്രസംഗത്തിനെതിരെ കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയെ നോര്‍ത്തും സൗത്തുമായി വേര്‍തിരിച്ച് കാണുന്ന രീതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാഹുലിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു.

‘രാഹുലിന്റെ പ്രസ്താവനയെപ്പറ്റി പറയാന്‍ ഞാനില്ല. ഏത് പശ്ചാത്തലത്തിലാണ് ഇത്തരം പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം തന്നെ വിശദീകരിക്കേണ്ടതാണ്. രാജ്യത്തെ വോട്ടര്‍മാരെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്. അവരുടെ വിവേകത്തെ അപമാനിക്കരുത്’, സിബല്‍ പറഞ്ഞു.

അതേസമയം രാഹുലിന്റെ പ്രസംഗത്തെ ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്ന പ്രചരണങ്ങളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് രാജ്യം വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന ബി.ജെ.പി പ്രചാരണങ്ങളെ ചിരിച്ചുതള്ളുന്നുവെന്നാണ് സിബല്‍ പറഞ്ഞത്.

വയനാട് എം.പിയായ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കേരളത്തില്‍ നടത്തിയ പ്രചരണ യാത്രയ്ക്കിടെ നടത്തിയ ഒരു പരാമര്‍ശമാണ് ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി താന്‍ ഉത്തരേന്ത്യന്‍ മണ്ഡലങ്ങളില്‍ എം.പിയായി തെരഞ്ഞെടുക്കപ്പെടുന്നുവെന്നും എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ പൊതുകാര്യങ്ങളില്‍ ഇടപെടുന്ന രീതി തന്നെ ആകര്‍ഷിച്ചെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. കേരളത്തിലെത്തിയത് ഒരു റിഫ്രഷിംഗ് അനുഭവമായി തോന്നുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ സമാപനം കുറിച്ചുള്ള ശംഖുമുഖം കടപ്പുറത്തെ കോണ്‍ഗ്രസിന്റെ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

തുടര്‍ന്ന് ഇന്ത്യയെ മതത്തിന്റെ പേരില്‍ വിഭജിക്കുകയാണ് രാഹുല്‍ എന്നാരോപിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ രാഹുലിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights; Kapil Sibal On Rahul Gandhi’s Speech About North South Divide

We use cookies to give you the best possible experience. Learn more