ന്യൂദല്‍ഹി: കോണ്‍ഗ്രസിനകത്ത് ഉള്‍പ്പാര്‍ട്ടി പോരിന് വഴിയൊരുക്കിയ കത്ത് വിവാദത്തില്‍ കൂടുതല്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.
ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി തങ്ങള്‍ ഒരു കത്തെഴുതിയെന്നും പാര്‍ട്ടി ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണ്, പുനരുജ്ജീവന പദ്ധതിയാണ് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ട്ടിയുടെ പുനരുജ്ജീവനത്തില്‍ പങ്കാളികളാകാനാണ് തങ്ങല്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ കത്ത് വായിച്ചിട്ടുണ്ടാവില്ലെന്നും അവര്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് മനസ്സിലാവുമായിരുന്നു ഇത് ആരെയും താഴ്ത്തിക്കെട്ടാനോ ഗാന്ധി കുടുംബത്തെ കളങ്കപ്പെടുത്താനോ അല്ലെന്ന് അവര്‍ക്ക് മനസ്സിലാവുമായിരുന്നു, അദ്ദേഹം പറഞ്ഞു.
”ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ നേതൃത്വത്തെ പ്രശംസിക്കുകയും അവരുടെ സംഭാവനകളെ വിലമതിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷേ നമുക്ക് മാറ്റങ്ങളും ആവശ്യമാണ്, ”സിബല്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. കപില്‍ സിബലിന് പുറമെ ഗുലാം നബി ആസാദ്, ശശിതരൂര്‍, തുടങ്ങിയ മുതിര്‍ന്ന നേതാക്കളും കത്തില്‍ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം പാര്‍ട്ടിക്കകത്തു നിന്നുതന്നെ ഉയര്‍ന്നുവന്നിരുന്നു.