'ജെ.എന്‍.യു ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന'; അമിത് ഷായ്ക്കും ജെ.എന്‍.യു വി.സിക്കുമെതിരെ കപില്‍ സിബല്‍
J.N.U
'ജെ.എന്‍.യു ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന'; അമിത് ഷായ്ക്കും ജെ.എന്‍.യു വി.സിക്കുമെതിരെ കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 10:13 am

ന്യൂദല്‍ഹി: ജെ.എന്‍.യു ക്യാംപസില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖംമൂടി സംഘം ആക്രമണം നടത്തിയ സംഭവത്തില്‍ ജെ.എന്‍.യു വി.സിക്കും പൊലീസിനും കേന്ദ്രആഭ്യന്തരമന്ത്രിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. ജെ.എന്‍.യുവില്‍ നടന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നും സിബല്‍ പറഞ്ഞു.

”എങ്ങനെയാണ് മുഖംമൂടി ധരിച്ച ഒരു സംഘത്തിന് ക്യാംപസിന് അകത്ത് പ്രവേശിക്കാന്‍ സാധിക്കുക? വൈസ് ചാന്‍സിലര്‍ അവിടെ എന്തുചെയ്യുകയായിരുന്നു. ഇത്തരമൊരു കാര്യം സംഭവിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് ക്യാംപസിന് പുറത്ത് തന്നെ നിന്നുകളഞ്ഞത്?

എന്താണ് കേന്ദ്രആഭ്യന്തര മന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. അന്വേഷണം ആവശ്യമാണ്-കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.

ഞായറാഴ്ച്ച വൈകുന്നേരമാണ് ജെ.എന്‍.യു ക്യാംപസില്‍ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി എത്തിയത്. സംഘം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ വലിയ രീതിയിലുള്ള അക്രമമായിരുന്നു അഴിച്ചുവിട്ടത്. സംഭവത്തിനു പിന്നില്‍ എ.ബി.വി.പിയാണെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അയ്‌ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ജെ.എന്‍.യുവിലെത്തിയ എയിംസിലെ സംഘത്തെ മര്‍ദ്ദിച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ വളന്റിയേഴ്‌സുമടങ്ങുന്ന സംഘത്തെ എ.ബി.വി.പി പ്രവര്‍ത്തകര്‍ തടഞ്ഞതായി എയിംസിലെ ഡോക്ടര്‍ ഹരിജിത് സിങ് ഭാട്ടി ട്വീറ്റ് ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ