'കേന്ദ്രത്തിനെതിരെ വായ തുറന്നാല്‍ ഇതാണ് ഗതിയെന്ന് തെളിയിക്കുകയാണ് ദിഷയുടെ അറസ്റ്റ്'; ദിഷയെ പിന്തുണച്ച് കപില്‍ സിബല്‍
national news
'കേന്ദ്രത്തിനെതിരെ വായ തുറന്നാല്‍ ഇതാണ് ഗതിയെന്ന് തെളിയിക്കുകയാണ് ദിഷയുടെ അറസ്റ്റ്'; ദിഷയെ പിന്തുണച്ച് കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th February 2021, 8:09 pm

ന്യൂദല്‍ഹി: യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യത്തെ പ്രതികരിക്കുന്ന യുവാക്കള്‍ക്ക് നേരെയുള്ള ഭീഷണിയാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്ന് സിബല്‍ പറഞ്ഞു.

രാജ്യത്തെ യുവജനങ്ങളെ ഭീഷണിപ്പെടുത്തി പ്രതികരണ ശേഷി നശിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നിങ്ങള്‍ സര്‍ക്കാരിനെതിരെ വായ തുറന്നാല്‍ ഇതായിരിക്കും ഗതിയെന്നാണ് ദിഷയുടെ അറസ്റ്റിലൂടെ കേന്ദ്രം തെളിയിക്കുന്നത്. ഒരു 21 കാരിയുടെ ട്വീറ്റിന് ഇന്ത്യയെ ശിഥിലമാക്കാനുള്ള കെല്‍പ്പുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ചൈനയെ പോലും പേടിക്കാത്ത കേന്ദ്രം ദിഷയെ എന്തിനാണ് പേടിക്കുന്നത്, സിബല്‍ പറഞ്ഞു.

സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ കേന്ദ്രം എന്തുകൊണ്ട് ഗ്രെറ്റയ്‌ക്കെതിരെയും റിഹാനയ്‌ക്കെതിരെയും കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഞായറാഴ്ചയാണ് ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ദല്‍ഹി പൊലീസ് ബെംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തത്.

രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്. ഒറ്റകെട്ടായി ഇന്ത്യന്‍ പൗരന്മാരെല്ലാം ദിഷയ്‌ക്കൊപ്പം നില്‍ക്കണമെന്ന് അവരുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ രൂപം കൊണ്ടിരിക്കുന്നത്.

അതേസമയം ദിഷയുടെ അറസ്റ്റിനെ പിന്തുണച്ച് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍ രംഗത്തെത്തിയിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യുന്ന ഇത്തരം നടപടികള്‍ ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എല്ലാ നിയമക്രമങ്ങളും പാലിച്ചു തന്നെയാണ് ദിഷയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമപരമാണോ അല്ലയോ എന്ന് കോടതികള്‍ക്ക് പരിശോധിക്കാം. ഇതുപോലുള്ള പ്രവര്‍ത്തികളിലേര്‍പ്പെട്ടിട്ട് രക്ഷപ്പെടാമെന്ന ധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ല.

അറസ്റ്റ് ചെയ്തതിനെ പിന്തുണച്ച് ഹരിയാന ബി.ജെ.പി മന്ത്രി അനില്‍ വിജും രംഗത്തെത്തിയിരുന്നു.
‘ദേശവിരുദ്ധ ചിന്ത മനസില്‍ പേറുന്ന എല്ലാവരെയും ഉന്മൂലനം ചെയ്യണം. അത് ദിഷ രവിയല്ല ആരായാലും’, എന്നായിരുന്നു അനില്‍ വിജിന്റെ പ്രതികരണം.

അനില്‍ വിജിന്റെ പരാമര്‍ശം വലിയ പ്രതിഷേധത്തിനാണ് ഹരിയാനയില്‍ വഴിവെച്ചത്.

ദിഷ രവിയെ മുംബൈ ഭീകരാക്രണക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച അജ്മല്‍ കസബുമായി താരതമ്യം ചെയ്താണ് ബി.ജെ.പി എം.പിയായ പി.സി മോഹന്‍ വിമര്‍ശനം ഉന്നയിച്ചത്.

‘ ബുര്‍ഹാന്‍ വാണിക്ക് 21 വയസേ ഉണ്ടായിരുന്നുള്ളൂ, അജ്മല്‍ കസബിനും 21 വയസേ ഉണ്ടായിരുന്നുള്ളൂ. വയസൊരു അക്കം മാത്രമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റം കുറ്റം തന്നെയാകുന്നു,” പി.സി മോഹന്‍ പറഞ്ഞു.

ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നതിന് പിന്നാലെയാണ് ബി.ജെ.പി എം.പിമാരുടെ വിവാദ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Kapil Sibal On Disha Ravis’s Arrest