| Thursday, 10th June 2021, 3:48 pm

'ആയാറാം ഗയാറാം' എന്നല്ല, ഇനി 'പ്രസാദ റാം' ആണെന്ന് പറയേണ്ടിവരും; ജിതിന്‍ പ്രസാദയുടെ പടിയിറക്കത്തില്‍ കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രത്യയശാസ്ത്രം മറന്ന് തീരുമാനങ്ങള്‍ എടുക്കുന്ന തരത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ജിതിന്‍ പ്രസാദ ബി.ജെ.പിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ടായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. മുമ്പ് ആയാറാം ഗയാറാം രാഷ്ട്രീയമായിരുന്നു എങ്കില്‍ ഇപ്പോള്‍ ‘പ്രസാദ റാം’ എന്ന സ്ഥിതി ആയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടി നേതൃത്വം എന്തു ചെയ്തു, എന്തു ചെയ്തില്ല എന്നതിനെക്കുറിച്ചൊന്നും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയം പ്രത്യയശാസ്ത്രം മറന്ന് തീരുമാനങ്ങളെടുക്കുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു. അതിനെയൊക്കെ ഞാന്‍ ഇപ്പോള്‍ വിളിക്കുന്നത് പ്രസാദാ റാം എന്നായിരുന്നു. മുമ്പ് അത് ‘ആയാ റാം ഗയാ റാം’ ആയിരുന്നു.

ബി.ജെ.പി. ആണ് ജയിക്കാന്‍ പോകുന്നതെന്ന് കണ്ട് ആളുകള്‍ അങ്ങോട്ട് പോകുന്നത് പശ്ചിമ ബംഗാളില്‍ കണ്ടതാണ്. ഒരു പ്രത്യയ ശാസ്ത്രത്തോടുള്ള ദൃഢ വിശ്വാസത്തിന്റെ പുറത്തല്ല പകരം എനിക്ക് എന്തു കിട്ടും എന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. മധ്യപ്രദേശിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും സമാനമായ ഒന്നാണ് സംഭവിച്ചത്,’ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ അടിയന്തരമായി മാറ്റം വരണമെന്നും പാര്‍ട്ടി നേതൃത്വം കേട്ടേ മതിയാകൂ എന്നും സിബല്‍ പറഞ്ഞു.

ബി.ജെ.പിയില്‍ ചേരാന്‍ ജിതിന്‍ പ്രസാദയ്ക്ക് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടാകും. കോണ്‍ഗ്രസില്‍ വിട്ടതില്‍ അദ്ദേഹത്തെ താന്‍ കുറ്റപ്പെടുത്തുന്നില്ല എന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ജിതിന്‍ പ്രസാദ ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനുള്ളില്‍ ചെറുതല്ലാത്ത അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അടുത്തതായി ബി.ജെ.പിയിലേക്ക് പോകുന്നത് സച്ചിന്‍ പൈലറ്റ് ആകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

ജിതിന്‍ പ്രസാദ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരും രംഗത്തെത്തിയിരുന്നു. അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്ന സംഭവം ഞെട്ടിക്കുന്നതാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

ഐ.പി.എല്‍. കളി പോലാകരുത് രാഷ്ട്രീയം എന്നും തരൂര്‍ പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണു ബി.ജെ.പി. അംഗത്വം എടുത്തത്. പാര്‍ട്ടിയില്‍ ചേരുന്നതിനു മുമ്പായി ജിതിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ബംഗാളിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. രാജ്യത്തെ ഒരേയൊരു ദേശീയ പാര്‍ട്ടി ബി.ജെ.പിയാണെന്നാണ് അംഗത്വം സ്വീകരിച്ചു കൊണ്ട് ജിതിന്‍പ്രസാദ പറഞ്ഞത്. ജനങ്ങളെ സഹായിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ കാര്യമില്ലെന്ന് തോന്നിയിട്ടാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതെന്നും ജിതിന്‍ പ്രസാദ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kapil Sibal omn Jithin Prasada’s switch to BJP

We use cookies to give you the best possible experience. Learn more