| Tuesday, 9th April 2019, 9:00 pm

നോട്ടുനിരോധനത്തിന്റെ മറവില്‍ നടന്ന പണമിടപാടുകളില്‍ ബി.ജെ.പി വാങ്ങിയത് 40 ശതമാനം വരെ കമ്മീഷനെന്ന് കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ടുനിരോധനത്തിന്റെ മറവില്‍ നടന്ന വന്‍ പണമിടപാടില്‍ ബി.ജെ.പി വാങ്ങിച്ചത് ഓരോ ഇടപാടിനും 16-40 ശതമാനം കമ്മീഷനെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഹഫ്‌പോസ്റ്റ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്.

നേരത്തേ നോട്ടുനിരോധനത്തില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തിയതിന്റെ തെളിവുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. നോട്ടുനിരോധനത്തിനു മുമ്പ് വിദേശത്തുനിന്നു മൂന്നു സീരീസില്‍ അച്ചടിച്ച ഒരു ലക്ഷം കോടി രൂപയുടെ വ്യാജ നോട്ടുകള്‍ ഇന്ത്യയിലെത്തിച്ചെന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നോട്ടുകള്‍ കൊണ്ടുവന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കപില്‍ സിബല്‍ തന്നെയാണു വാര്‍ത്താസമ്മേളനത്തില്‍ ഈ തെളിവുകള്‍ പുറത്തുവിട്ടത്.

കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാഹുല്‍ രാത്തറേക്കറാണ് വീഡിയോയില്‍ ഇടപാടുകള്‍ വെളിപ്പെടുത്തുന്നത്. ഇദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കുന്ന കാര്യങ്ങളാണു കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചത്.

അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍:

* എന്തൊക്കെ വിവരങ്ങളാണു നിങ്ങള്‍ ശേഖരിച്ചത്, അതില്‍ ഭരണകക്ഷിയെക്കുറിച്ച് എന്തൊക്കെയാണു പറയുന്നത്?

2016 ഡിസംബര്‍ 31-നുശേഷമുള്ള ആ വീഡിയോയില്‍ പറയുന്നത്, 2018 വരെ 500 രൂപയുടെ നോട്ടുകള്‍ രണ്ടായിരത്തിലേക്കു വ്യാപകമായി മാറ്റിയെന്നാണ്. അതില്‍ ഒരു റോ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുണ്ട്. അയാളുടെ പേരും വീഡിയോയിലുണ്ട്. മാത്രമല്ല ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ഈ അഴിമതിയുടെ ഭാഗമാണ്. ബാങ്ക് മാനേജറുടെ പേരും വീഡിയോയില്‍ പറയുന്നുണ്ട്. മറ്റു ചിലരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ട്രഷറി നോട്ടുകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ അറിയാതെ അതു സംഭവിക്കില്ല. ഒരു ഫീല്‍ഡ് അസിസ്റ്റന്റ്, 22 പുരുഷന്മാര്‍, നാലു സ്ത്രീകള്‍ എന്നിവരാണു രാജ്യമൊട്ടാകെ ഈ പ്രവൃത്തികള്‍ ചെയ്തിരുന്നത്.

ഈ പ്രവൃത്തികള്‍ക്ക് ഇത്തരമാളുകള്‍ വാങ്ങിയിരുന്നത് 16-40 ശതമാനം കമ്മീഷനാണ്. അതായത് ഓരോ ഇടപാടിനും ഇത്രയും കമ്മീഷന്‍ ലഭിക്കും. അത് ബി.ജെ.പിയിലേക്കാണു പോകുന്നത്. അവര്‍ എത്രത്തോളം പണമുണ്ടാക്കിയെന്നു നിങ്ങള്‍ക്ക് ഊഹിക്കാം. അതുകൊണ്ടാണിത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാകുന്നത്.

* ഈ 26 പേര്‍ ആരൊക്കെയാണ്?

എനിക്കറിയില്ല. ഒരു ഫീല്‍ഡ് അസിസ്റ്റന്റിന് ഇത്തരമൊരു പ്രവൃത്തി ചെയ്യാനാകണമെങ്കില്‍ അയാള്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച നിയമ ഉദ്യോഗസ്ഥനായിരിക്കണമല്ലോ. സര്‍ക്കാരിനു പരിചയമില്ലാത്ത വ്യക്തികള്‍ അതു ചെയ്യില്ല. അയാള്‍ത്തന്നെ അക്കാര്യം പറയുന്നുണ്ട്.

* ഇതിനര്‍ഥം എന്താണ്?

പണവിനിമയത്തിലൂടെ ബി.ജെ.പിക്കു പണമുണ്ടാക്കാനുള്ള ശ്രമമായിരുന്നു ഇത്.

* നിങ്ങള്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്നുണ്ടോ ?

ഞാനാരുടെ പേരിലും ആരോപണം ഉന്നയിക്കുന്നില്ല. ഇതൊക്കെയാണ് വീഡിയോയില്‍ പറയുന്നത്. വീഡിയോയിലുള്ള വ്യക്തികളെ തിരിച്ചറിഞ്ഞതാണ്. ബാങ്കുകളെ തിരിച്ചറിഞ്ഞതാണ്. ഒരു ഇടപാട് നടന്നത് മഹാരാഷ്ട്രയിലെ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഗോഡൗണില്‍ വെച്ചാണ്. ഗുജറാത്തിലെ ഇതിലും വലിയ ഗോഡൗണുകളില്‍ വെച്ച് ഇക്കാര്യങ്ങളൊക്കെ നടന്നിട്ടുണ്ടെന്ന് വീഡിയോയിലുള്ള വ്യക്തി പറയുന്നുണ്ട്. അവിടെ സി.സി.ടി.വി ക്യാമറകളില്ല. എന്തുവേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും അവിടെ ചെയ്യാം. ഒരു കുഴപ്പവുമില്ലാതെ ഇക്കാര്യങ്ങളൊക്കെ എങ്ങനെ ചെയ്യാന്‍ കഴിഞ്ഞു? അക്കാര്യം അന്വേഷിക്കണം. എഫ്.ഐ.ആര്‍ തയ്യാറാക്കേണ്ടതാണ്. അടിയന്തരമായി അറസ്റ്റുണ്ടാവേണ്ടതാണ്. പക്ഷേ അവരതു ചെയ്യില്ല.

* പക്ഷേ വീഡിയോയിലുള്ള കാര്യങ്ങള്‍ ഒരാള്‍ എങ്ങനെ വിശ്വസിക്കും?

നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ വേണ്ട. പക്ഷേ അതു സത്യമാണെങ്കില്‍ ഹീനമായ കുറ്റകൃത്യമാണ്. ഇതു പുറത്തുകൊണ്ടുവരേണ്ടത് എന്റെ കടമയാണ്. ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയുടെയും കടമയാണ്. എന്താണു സംഭവിക്കുന്നതെന്നു രാജ്യത്തെ ജനങ്ങളോടു പറയേണ്ടതും അവരെ കാണിച്ചു നല്‍കേണ്ടതും കടമയാണ്. ഇനി നടപടിയാണു വേണ്ടത്.

Latest Stories

We use cookies to give you the best possible experience. Learn more