ന്യൂദല്‍ഹി: മുന്‍ കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും പി.ചിദംബരത്തിന്റെ അഭിഭാഷകനുമായ കപില്‍ സിബല്‍. ബി.ജെ.പി സര്‍ക്കാര്‍ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളെയും നിരന്തരം വേട്ടയാടുന്നതിനെതിരെയായിരുന്നു കപില്‍ സിബലിന്റെ പ്രസ്താവന.
‘പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളെയും വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടാന്‍ ഏത് ബി.ജെ.പി നേതാവാണ് സധൈര്യം മുന്നോട്ട് വരിക? എന്നായിരുന്നു കബില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചത്.
ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ പി. ചിദംബരത്തെ കഴിഞ്ഞദിവസമായിരുന്നു അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ നിലവില്‍ തിങ്കളാഴ്ച വരെയാണ് സി.ബി.ഐ കസ്റ്റഡിയില്‍ കോടതി വിട്ടിരിക്കുന്നത്. അറസ്റ്റ് ഭരണഘടനാവിരുദ്ധമാണെന്നാന്ന് ചിദംബരത്തിന്റെ അഭിഭാഷകര്‍ ആരോപിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹിയിലെ ജോര്‍ബാഗ് വസതിയില്‍ നിന്നായിരുന്നു പി.ചിദംബരം അറസ്റ്റിലായത്. ഐ.എന്‍.എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.