| Friday, 20th November 2020, 7:51 pm

ഒന്നരവര്‍ഷക്കാലം എങ്ങനെയാണ് ഒരു ദേശീയ പാര്‍ട്ടിയ്ക്ക് നേതൃത്വമില്ലാതെ മുന്നോട്ടുപോകാനാകുക? ആഞ്ഞടിച്ച് വീണ്ടും കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. താന്‍ പറഞ്ഞിരുന്ന കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വീണ്ടും രംഗത്തെത്തി.

ഇന്ത്യാ ടുഡേ ടി.വിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഈ രാജ്യത്തെ മുന്നോട്ടുനയിക്കുന്നത് രാഷ്ട്രീയ സ്വേച്ഛാധിപതികളും സാമ്പത്തിക പ്രഭുക്കന്മാരുമാണ്, പോരാട്ടം അവര്‍ക്കെതിരെയാണ്. മുഴുവന്‍ പ്രതിപക്ഷവും നശിപ്പിക്കപ്പെടുന്നു, അതിനാലാണ് കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുള്ള വഴിയില്‍ ഒരു സംഭാഷണമെങ്കിലും ആരംഭിക്കേണ്ടത്’, കപില്‍ സിബല്‍ പറഞ്ഞു.

കപില്‍ സിബല്‍ രജ്ദീപ് സര്‍ദേശായിയുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍

ഒന്നരവര്‍ഷം മുന്‍പ് രാഹുല്‍ പറഞ്ഞു, അദ്ദേഹത്തിന് പ്രസിഡണ്ട് സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ളയാളെ ആ സ്ഥാനത്ത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നര വര്‍ഷക്കാലം ഒരു നേതൃത്വമില്ലാതെ എങ്ങനെയാണ് ദേശീയ പാര്‍ട്ടിയ്ക്ക് പ്രവര്‍ത്തിക്കാനാകുക?

ജൂലൈ 30 ന് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റംഗങ്ങളെല്ലാം ചേര്‍ന്ന് ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് നടന്നു. ഇതേ വിഷയം ഞാന്‍ അന്നും ഉന്നയിച്ചു. ഞങ്ങള്‍ 23 പേര്‍ ഓഗസ്റ്റില്‍ കത്തെഴുതി.

അതിനെക്കുറിച്ചൊന്നും ഒരു കാര്യവും പിന്നീട് സംസാരിച്ചില്ല. ആരും ഞങ്ങളുടെ അടുത്തേക്ക് വന്നില്ല. പാര്‍ട്ടി ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് വേണം.

2017 ല്‍ രാഹുല്‍ പ്രസിഡണ്ട് സ്ഥാനത്തേക്കെത്തുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്.

2011 നും 2020 നും ഇടയില്‍ 10 കോടി പേരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നുവന്നത്. നമുക്ക് അവരിലേക്ക് കടന്നുചെല്ലാനായില്ല.

പാര്‍ട്ടിയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍, സംഘടനപരമായി ശക്തിയില്ലെങ്കില്‍, താഴെത്തട്ടില്‍ നിന്ന് മുകളില്‍ വരെ തെരഞ്ഞെടുപ്പ് നടത്താനാകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ല.

ഞങ്ങളുടേത് ഗാന്ധി കുടുംബത്തിനെതിരായ വിമത നീക്കങ്ങളല്ല.

ആഗസ്റ്റില്‍ ഞങ്ങളെഴുതിയത് മൂന്നാമത്തെ കത്താണ്. അതിന് മുന്‍പ് ഗുലാം നബിജീ രണ്ട് കത്തെഴുതിയിരുന്നു.

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് വരുന്നുണ്ട്. അദ്ദേഹം തന്റെ ഊര്‍ജം ഉപയോഗിച്ച് കോണ്‍ഗ്രസ് ബംഗാളില്‍ ശക്തിപ്രകടിപ്പിക്കുന്നത് കാണിക്കുമായിരിക്കും.

അധിര്‍ തീര്‍ച്ചയായും മനസിലാക്കേണ്ടത് താരപ്രചാരകരുടെ ലിസ്റ്റ് എന്നൊന്നുണ്ട് എന്നതാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചരണം നടത്താന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും ലിസ്റ്റില്‍ പേരില്ലാതെ അതെങ്ങനെ സാധിക്കും. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവിന് ഈ അടിസ്ഥാനകാര്യം പോലും അറിയില്ലേ

എന്റെ പ്രസ്താവനകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കുമെന്നാരോ പറഞ്ഞു. പാര്‍ട്ടി മോശം പ്രകടനം നടത്തുമ്പോള്‍ പ്രവര്‍ത്തകര്‍ വേദനിക്കും. കാരണം ഞാനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കോടിക്കണക്കിന് പ്രവര്‍ത്തകരുടെ വികാരമാണ് ഞാന്‍ പ്രകടിപ്പിക്കുന്നത്.

2014 ല്‍ നമ്മള്‍ തോറ്റു, ഒരു മാറ്റവും സംഭവിച്ചില്ല. 2019 ലും തോറ്റു, 2020 ആയിട്ടും ഒരു മാറ്റവുമില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kapil Sibal Hit back Again Congress

Latest Stories

We use cookies to give you the best possible experience. Learn more