ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രസക്തിയില്ലാതെയായെന്ന് സിബല്‍ പറഞ്ഞു.
ബീഹാറിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ ഉപതെരഞ്ഞെടുപ്പുകളിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്നും നേതൃത്വം ഇതില്‍ ആത്മ പരിശോധന നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ഒരു ഫലപ്രദമായ ബദലായി പാര്‍ട്ടിക്ക് മാറാന്‍ കഴിയുന്നില്ല എന്നത് വലിയൊരു മോശം കാര്യമാണ്. കുറേ കാലത്തേക്ക് ബീഹാറില്‍ ഞങ്ങള്‍ക്ക് ഒരു ബദലാവാന്‍ സാധിച്ചില്ല. 25 വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശില്‍ ഒരു രാഷ്ട്രീയ ബദലാവാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. ഇവ രണ്ടും രണ്ട് വലിയ സംസ്ഥാനങ്ങളാണ്. ഗുജറാത്തില്‍ പോലും അല്ല… എല്ലാ ലോക്‌സഭാ സീറ്റുകളിലും ഞങ്ങള്‍ പരാജയപ്പെട്ടു. അടുത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും അതേ പരാജയം നേരിട്ടു. അതായത് ഗുജറാത്തിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു ബദലായി തോന്നുന്നില്ല എന്നല്ലേ അതില്‍ നിന്നും മനസിലാക്കേണ്ടത്.
മധ്യപ്രദേശില്‍ 28 സീറ്റുകളില്‍ മത്സരിച്ചതില്‍ 8 സീറ്റുകളില്‍ മാത്രമാണ് ഞങ്ങള്‍ക്ക് വിജയിക്കാനായത്,’ കപില്‍ സിബല്‍ പറഞ്ഞു.
പാര്‍ട്ടിക്കകത്ത് പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കിയതെന്നും നേരത്തെ നേതൃത്വത്തിന് കത്തയച്ച സംഭവത്തില്‍ സിബല്‍ പറഞ്ഞു.
സംഘടനാപരമായി കോണ്‍ഗ്രസിന് സംഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്‌നമെന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അതിന്റെ ഉത്തരവും എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ ഉത്തരം സ്വയം ചികഞ്ഞ് കണ്ടെത്താനുള്ള ഒരു ശ്രമവും പാര്‍ട്ടിക്കകത്ത് നിന്ന് കൊണ്ട് നടക്കുന്നില്ല. എല്ലാവരുടെയും ഇന്നത്തെ ആശങ്കയും അതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കേന്ദ്രം മുഖ്യധാരാ മാധ്യമങ്ങളെ വരെ നിയന്ത്രിക്കുകയാണെന്നും ജനങ്ങളിലേക്കെത്താന്‍ മറ്റു വഴികള്‍ തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രൗണ്ടിലേക്കിറങ്ങുമ്പോള്‍ ഒരു ഫലവും കിട്ടുന്നില്ല. അപ്പോള്‍ അതിന് വേണ്ട കാര്യങ്ങള്‍ എന്താണെന്ന് തേടി കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.
ബീഹാറിലെയും വിവിധ ഉപതെരഞ്ഞെടുപ്പുകളിലെയും തോല്‍വിയെക്കുറിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ പതിവ് പോലെ എല്ലാം ഒരു ബിസിനസാണെന്നാവും അവര്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന് 70 സീറ്റുകള്‍ നല്‍കേണ്ടിയിരുന്നില്ലെന്ന വിമര്‍ശനവുമായി ആര്‍.ജെ.ഡി, സി.പി.ഐ.എം.എല്‍ അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Congress Leader Kapil Sibal Criticizes Congress Party, in Bihar election and other By-poll defeats