സാമൂഹ്യനീതിയാണ് ലക്ഷ്യമെന്ന് മോദി; കണക്ക് നിരത്തി വാദങ്ങളെ പൊളിച്ചടുക്കി സിബല്‍
national news
സാമൂഹ്യനീതിയാണ് ലക്ഷ്യമെന്ന് മോദി; കണക്ക് നിരത്തി വാദങ്ങളെ പൊളിച്ചടുക്കി സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th April 2023, 4:31 pm

ന്യൂദല്‍ഹി:  സാമൂഹ്യനീതി നടപ്പിലാക്കുക എന്നത് ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ രൂക്ഷമായി വിമര്‍ശിച്ച് രാജ്യസഭാ എം.പി കപില്‍ സിബല്‍.

ബി.ജെ.പിയുടെ 44ാം സ്ഥാപകദിനത്തോടനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് സൗജന്യ റേഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികളെ ഉയര്‍ത്തിക്കാട്ടി മോദി സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട് സംസാരിച്ചത്.

പല പാര്‍ട്ടികളും സമൂഹത്തിന് പകരം കുടുംബ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ ബി.ജെ.പി സാമൂഹ്യനീതിക്കായാണ് നിലകൊണ്ടതെന്നും മോദി പറഞ്ഞു.

‘ബി.ജെ.പി സാമൂഹ്യനീതി എന്ന ആശയത്തെ വാക്കുകളിലും ആത്മാവിലും ആവാഹിച്ച സംഘടനയാണ്. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് സാമൂഹ്യനീതിയുടെ പ്രതിഫലനമാണ്. 50 കോടി ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം നല്‍കുന്നത് സാമൂഹ്യനീതിയുടെ വ്യക്തമായ ഉദാഹരണമാണ്,’ നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ അവകാശവാദങ്ങള്‍ക്കെതിരെയാണ് കപില്‍ സിബല്‍ രംഗത്ത് വന്നത്. ട്വിറ്ററിലൂടെയായിരുന്നു സിബലിന്റെ പ്രതികരണം. മോദി ഭരണത്തിന്‍ കീഴില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്യുകയാണെന്ന് സിബല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം അദാനിയുടെ സ്വത്തില്‍ 46 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നും സിബല്‍ വ്യക്തമാക്കി.

‘ബി.ജെ.പി സാമൂഹ്യ നീതിക്കായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറയുന്നു. പക്ഷേ വാസ്തവമെന്താണ്, 2012നും 2021നുമിടയില്‍ സൃഷ്ടിക്കപ്പെട്ട സമ്പാദ്യം മുഴുവന്‍ രാജ്യത്തെ ഒരു ശതമാനം ആളുകളിലേക്കാണ് കേന്ദ്രീകരിച്ചത്. 2022ല്‍ മാത്രം അദാനിയുടെ സമ്പത്ത് 46 ശതമാനം വര്‍ധിച്ചു. 64 ശതമാനം ജി.എസ്.ടിയും വരുന്നത് രാജ്യത്തെ താഴെത്തട്ടിലുള്ള അമ്പത് ശതമാനം ജനങ്ങളുടെ പക്കല്‍ നിന്നാണ്, നാല് ശതമാനം മാത്രമാണ് മേല്‍ത്തട്ടിലെ പത്ത് ശതമാനം ജനങ്ങളില്‍ നിന്ന് വരുന്നത്. പണക്കാര്‍ കൂടുതല്‍ പണക്കാരാവുകയാണ് പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരും’ സിബല്‍ പറഞ്ഞു.

യു.പി.എയുടെ ഒന്നും രണ്ടും സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു കപില്‍ സിബല്‍. പിന്നീട് കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളുടെ സംഘമായ ജി23യിലെ പ്രധാന നേതാവായി മാറി. തുടര്‍ന്ന് കോണ്‍ഗ്രസ് നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട സിബല്‍ നിലവില്‍ രാജ്യസഭാംഗമാണ്.

സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയില്‍ സ്വതന്ത്രനായാണ് സിബല്‍ രാജ്യസഭയിലെത്തിയത്. ‘ഇന്‍സാഫ്’ എന്ന പേരില്‍ ഇലക്ടറല്‍ രാഷ്ട്രീയേതരമായ ഒരു സംഘടനയ്ക്ക് അടുത്തിടെ കപില്‍ സിബല്‍ തുടക്കം കുറിച്ചിരുന്നു.

Content Highlights: kapil sibal criticise narendra modi’s social justice remark