മമത ബാനര്‍ജി, ശരദ് പവാര്‍, പി.എ സാംഗ്മ, വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി, കപില്‍ സിബല്‍… കോണ്‍ഗ്രസില്‍ നിന്നും പല കാലങ്ങളിലായി പുറത്തുപോയ ശക്തരായ നേതാക്കളാണിവര്‍. ഇവര്‍ ഓരോരുത്തരും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെടുന്നതിന് പിന്നിലുള്ള, അല്ലെങ്കില്‍ അവര്‍ തന്നെ രാജിവെച്ചു പുറത്തുവന്നതിന് പിന്നിലുള്ള, കാരണങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും ഗാന്ധി കുടുംബത്തിന്റെ നേതൃത്വം ഇതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇവരുടെയൊക്കെ പിന്മാറ്റം അതത് കാലത്ത് കോണ്‍ഗ്രസിന് ഗുരുതരമായ പരിക്കുകളും ഏല്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി നടന്ന കപില്‍ സിബലിന്റെ കാര്യത്തില്‍ നിന്നു തന്നെ തുടങ്ങാം.
കപില്‍ സിബലിന്റെ രാജി വലിയ ഞെട്ടലോടെയല്ല പൊതുവെ വീക്ഷിക്കപ്പെടുന്നത്. പക്ഷെ ഒരേസമയം നിരാശയും ആശ്വാസവുമായി വിലയിരുത്തപ്പെടുന്ന ഒരു രാഷ്ട്രീയ നീക്കമാണത്. ആശ്വാസമെന്നത് കൊണ്ട് ഉദ്ദേശിച്ചത് കോണ്‍ഗ്രസില്‍ നിന്നും അടുത്ത കാലത്തായി പുറത്തുവന്നവരെല്ലാം ബി.ജെ.പിയിലേക്ക് ചേക്കേറുമ്പോള്‍ കപില്‍ സിബല്‍ താന്‍ ഇതുവരെ പറഞ്ഞ രാഷ്ട്രീയ നിലപാടുകളില്‍ മലക്കം മറിഞ്ഞിട്ടില്ല. സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം രാജ്യസഭയിലേക്ക് എത്തുന്നത്.
സംഘപരിവാറിനെതിരെ ശക്തമായ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടു വരേണ്ടതുണ്ടെന്ന കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ ഉന്നയിച്ച അതേ ആവശ്യം തന്നെയാണ് അദ്ദേഹം ഇപ്പോഴും ഉന്നയിക്കുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഏറ്റവും ശക്തമായ നിലപാടുകളും സ്ട്രാറ്റജികളുമായി എത്തിയ എസ്.പിയുടെ പിന്തുണയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതും.
ഇനി നിരാശ എന്ന് പറയുന്നതിലേക്ക് വന്നാല്‍, കോണ്‍ഗ്രസിനെതിരെ കടിച്ചു കീറുന്ന വിമര്‍ശനത്തിലേക്കൊന്നും രാജി വെച്ച ശേഷം കപില്‍ സിബല്‍ പോയിട്ടില്ല. തനിക്ക് പറയാനുള്ളതെല്ലാം കോണ്‍ഗ്രസിലായിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടെന്നും ഇനി അത്തരം വിമര്‍ശനങ്ങളിലേക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ നേരത്തെ പറഞ്ഞതുപോലെ ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതായത് കോണ്‍ഗ്രസില്‍ സംഘപരിവാറിനെതിരെ ശക്തമായ നിലപാടുകളില്ലെന്നും, ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനുള്ള സ്‌പേസ് കോണ്‍ഗ്രസിലില്ലെന്നും തന്നെയാണ് അതില്‍ നിന്നും വ്യക്തമാകുന്നത്.
ഇതൊരു പുതിയ കാര്യമൊന്നുമല്ലെങ്കിലും കോണ്‍ഗ്രസ് ഇന്ത്യയില്‍ ലക്ഷ്യമില്ലാതെ അലയുന്ന കപ്പലായി തന്നെ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വീണ്ടും വീണ്ടും വ്യക്തമാക്കപ്പെടുന്നത് നിരാശ തന്നെയാണെന്നാണ് വിലയിരുത്തലുകള്‍. മാത്രമല്ല, സംഘപരിവാറിനും ബി.ജെ.പിക്കുമെതിരെ ശക്തമായ ഒരു പ്രതിപക്ഷ രൂപീകരിക്കപ്പെടാനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുന്നതാണ് കോണ്‍ഗ്രസിന്റെ നയപരിപാടികളെന്ന സൂചനകളും ഇത് നല്‍കുന്നുണ്ട്.
കോണ്‍ഗ്രസിലെ ഗാന്ധി കുടുംബവാഴ്ചക്കെതിരെ ശബ്ദമുയര്‍ത്തുന്നവരോടുള്ള പാര്‍ട്ടിയുടെ നിലപാട് ആവര്‍ത്തിക്കപ്പെടുന്ന കാഴ്ച കൂടിയാണ് കപില്‍ സിബലിന്റെയും ജി 23 എന്ന കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പിന്റെയും കാര്യത്തില്‍ നടന്നതെന്ന് കാണാം. ഗാന്ധി കുടുംബം കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് നിന്നു മാറണമെന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി കപില്‍ സിബലടക്കമുള്ള ജി 23യിലെ നേതാക്കളെല്ലാം പറയുന്നുണ്ട്.
ഇതടക്കം കോണ്‍ഗ്രസില്‍ കാലോചിതമായി, ജനാധിപത്യപരമായി വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ഇവര്‍ പറഞ്ഞ ആവശ്യങ്ങളെല്ലാം ആ നേതൃത്വം പാടേ അവഗണിച്ചിരിക്കുകയാണ്. ജി 23യിലെ ചില നേതാക്കളെ പറഞ്ഞു വരുതിയിലാക്കി, ചിലര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കി, മറ്റു ചിലര്‍ക്ക് നേതൃത്വത്തെ അനുസരിച്ചില്ലെങ്കില്‍ ഉള്ള സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടേക്കാമെന്ന ഭയമുണ്ടാക്കി, കപില്‍ സിബലിനെ പോലെയുള്ളവര്‍ക്ക് പുറത്തുപോകേണ്ടതായും വന്നു. അപ്പോഴും ഈ ജി 23 നേതാക്കളയുര്‍ത്തിയ പരിഷ്‌കാരങ്ങളിലെന്തെങ്കിലും നടപ്പിലാക്കാന്‍ ഇതുവരെയും കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല.
സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം കോണ്‍ഗ്രസ് നേതൃത്വമില്ലാതെ കടന്നുപോയത് എത്രയോ നാളുകളാണ്. അപ്പോഴും ഗാന്ധി കുടുംബത്തിനു പുറത്തുള്ള ഒരാളെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനോ, അത്തരം ആവശ്യങ്ങളെ കാര്യമായി പരിഗണിക്കനോ നടപ്പില്‍ വരുത്താനോ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല.
ജി 23യെ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെന്ന നിലയിലാണ് ദേശീയ നേതൃത്വം അവതരിപ്പിച്ചത്, ഗാന്ധി കുടുംബ നേതൃത്വത്തെ അംഗീകരിക്കുന്നവരെ കോണ്‍ഗ്രസിന്റെ സ്വന്തം ആളുകളായും. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈയൊരു നിലപാട് വലിയ അബദ്ധമായിരുന്നുവെന്നാണ് അടുത്ത കാലത്ത് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവരുടെ ലിസ്റ്റ് കാണിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായ പലരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് നേരെ ബി.ജെ.പിയിലേക്ക് ചേക്കേറുകയും, കോണ്‍ഗ്രസ് അധികാരത്തിലോ അല്ലാതെയോ ശക്തമായി തുടരുന്ന വളരെ ചുരുക്കം സ്ഥലങ്ങളില്‍ നിന്നുപോലും പാര്‍ട്ടിയെ പുറത്താക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്.
അതേസമയം ജി 23 നേതാക്കളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസില്‍ തന്നെ തുടരുന്നുണ്ട്. പുറത്തുപോയവരും കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളിലേക്ക് പോയിട്ടുമില്ല.
ഇതിനോട് സമാനമായ സംഭവമാണ് 1999ല്‍ ശരദ് പവാര്‍, പി.എ സാഗ്മ, താരിഖ് അന്‍വര്‍ എന്നിവരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും ഇന്ത്യക്കാരെ തന്നെയാണ് കൊണ്ടുവരേണ്ടതെന്നും അല്ലാതെ വിദേശ വനിതയായ സോണിയയെ അല്ലെന്നുമായിരുന്നു അവര്‍ അന്ന് ഉന്നയിച്ചിരുന്ന പ്രധാന ആവശ്യം. വിദേശിയാണ് എന്ന സോണിയക്കെതിരെയുള്ള വിമര്‍ശനത്തെ കുറിച്ച് രണ്ട് അഭിപ്രായമുണ്ടെങ്കിലും, ഗാന്ധി കുടുംബം മാത്രം നേതാക്കളായി എത്തുന്നു എന്നതിനെതിരെ കൂടിയായിരുന്നു ആ വിമര്‍ശനം. പിന്നീട് ഇതില്‍ താരിഖ് അന്‍വര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയും ശരദ് പവാറിന്റെ എന്‍.സി.പി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഭരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഗാന്ധി കുടുംബവാഴ്ചക്ക് മാത്രം ഇന്നും മാറ്റമില്ല.
മമത ബാനര്‍ജിയും വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുമൊക്കെ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയത് ഗാന്ധി നേതൃത്വത്തിന്റെ ഏറ്റവും വലിയ വീഴ്ചകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. കുടുംബ വാഴ്ചയുടെ പേരിലല്ലായിരുന്നു നേതൃത്വവും ഇവരും തമ്മില്‍ ഉരസിയതെങ്കിലും ഹൈക്കമാന്റിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ഇരുവരും പുറത്തുപോകുന്നത്. പശ്ചിമ ബംഗാളിലും ആന്ധ്രാപ്രദേശിലും ഇത് കോണ്‍ഗ്രസിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
2024ലെ ഇലക്ഷന്‍ ലക്ഷ്യം വെച്ചുകൊണ്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച ചിന്തന്‍ ശിബിരില്‍, പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചില മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് പദ്ധതിയിട്ടുണ്ട്. ടാസ്‌ക് ഫോഴ്‌സൊക്കെ അതിന്റെ ഉദാഹരണമാണ്. പക്ഷെ അപ്പോഴും സംഘടനാ സംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ചൊന്ന് ആലോചിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. മാത്രമല്ല ഈ ചിന്തന്‍ ശിബിരും ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറത്തേക്ക് പോയിട്ടില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
ആര്‍ക്കും ആരെയും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് ഇതെന്ന് കോണ്‍ഗ്രസിലെ പല നേതാക്കളും ഓരോ പൊട്ടിത്തെറിക്ക് ശേഷവും ആവര്‍ത്തിക്കാറുണ്ട്. എന്നാല്‍ ഗാന്ധി കുടംബ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ പുറത്തുപോകേണ്ടി വരുന്ന കാഴ്ചയാണ് പലപ്പോഴും കാണാറുള്ളത്. കോണ്‍ഗ്രസില്‍ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പറയുന്നവരുടെ അഭിപ്രായങ്ങള്‍ പൂര്‍ണമായി അവഗണിക്കപ്പെടുന്നതായും നിരന്തരം കാണാം.
ശക്തമായ നേതൃത്വമോ സംഘടന സംവിധാനമോ ഇല്ലാതെ, ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് ഇലക്ഷനെ നേരിടാനൊരുങ്ങുമ്പോള്‍ എന്തായിരിക്കും ഇനി ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഭാവിയെന്ന് കാത്തിരുന്ന് കാണാം.
Content Highlight: Kapil Sibal resigning from Congress and the impact of it | Explained