'വിലപ്പെട്ട നമ്മുടെ എല്ലാ സ്വത്തുക്കളും അവര്‍ വിറ്റുതീര്‍ക്കുകയാണ്'; എയര്‍ ഇന്ത്യ വില്‍പ്പനയ്ക്ക് വെച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കപില്‍ സിബല്‍
India
'വിലപ്പെട്ട നമ്മുടെ എല്ലാ സ്വത്തുക്കളും അവര്‍ വിറ്റുതീര്‍ക്കുകയാണ്'; എയര്‍ ഇന്ത്യ വില്‍പ്പനയ്ക്ക് വെച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th January 2020, 11:24 am

ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍പ്പനയ്ക്ക് വെച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ പണമില്ലാതെ വരുന്ന അവസ്ഥയിലാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്.

”സര്‍ക്കാരിന്റെ കൈയില്‍ പണമില്ലാത്ത അവസ്ഥയില്‍ ആണ് അവര്‍ ഇത് ചെയ്യുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ പക്കല്‍ പണമില്ല, വളര്‍ച്ച 5 ശതമാനത്തില്‍ കുറവാണ്. എം.എന്‍.ആര്‍.ജി.എയുടെ കീഴില്‍ ദശലക്ഷക്കണക്കിന് രൂപ കുടിശ്ശികയുണ്ട്. നമ്മുടെ പക്കലുണ്ടായിരുന്ന വിലപ്പെട്ട എല്ലാ സ്വത്തുക്കളും അവര്‍ വിറ്റുതീര്‍ക്കുകയാണ്”, കപില്‍ സിബല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓഹരികള്‍ വിറ്റഴിക്കാനായി എയര്‍ ഇന്ത്യ താല്‍പര്യ പത്രം ക്ഷണിച്ചു കഴിഞ്ഞു. 2020 മാര്‍ച്ച് 20 വരെയാണ് താല്‍പര്യ പത്രം സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ഏറ്റെടുക്കുന്നവര്‍ കമ്പനിയുടെ 23000 കോടി രൂപ വരുന്ന കടബാധ്യത പൂര്‍ണ്ണമായും ഏറ്റെടുക്കേണ്ടി വരും.

നേരത്തെ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. ഇത് ഫലം കാണാതായതോടെയാണ് വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും വാങ്ങാന്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് ഇത്തവണ ചില നിബന്ധനകള്‍ പുനഃപരിശോധിച്ചു മുഴുവന്‍ ഓഹരിയും വില്‍ക്കാന്‍ തീരുമാനിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ 60,000 കോടി രൂപയോളമാണ് പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ കടം. 2018-19 സാമ്പത്തിവര്‍ഷം 8556.35 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യയുടെ നഷ്ടം.