| Thursday, 12th April 2018, 6:48 pm

രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെയാണ് മോദി നിരാഹാരമിരിക്കേണ്ടത്: കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സ്ത്രീകള്‍ക്കെതിരെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെയാണ് മോദി നിരാഹാരമിരിക്കേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചു.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ മോദി ഗൗരവത്തോടെയല്ല കാണുന്നത് എന്നും ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ കപില്‍ സിബല്‍ ആരോപിച്ചു. എന്തുകൊണ്ടാണ് ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ ഇനിയും അറസ്റ്റ് ചെയ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു.

സ്ത്രീകള്‍ക്കെതിരെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെയാണ് മോദി നിരാഹാരമിരിക്കേണ്ടത്. ഉന്നാവോ വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയാണ് മോദി പ്രതിഷേധിക്കേണ്ടത്, കപില്‍ സിബല്‍ പറഞ്ഞു. “എന്തുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തത്? ഞങ്ങള്‍ പറയുന്നു, അദ്ദേഹം ഒരിക്കലും അറസ്റ്റ് ചെയ്യപ്പെടില്ല”, അദ്ദേഹം പ്രതികരിച്ചു.


Also Read: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്തു; ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍


ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതെന്നും 2016ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കപില്‍ സിബല്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥര്‍ കേസന്വേഷണം വൈകിപ്പിക്കാനും അങ്ങിനെ എം.എല്‍.എക്ക് രക്ഷപ്പെടാനുള്ള സമയം ലഭിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ച് മാസങ്ങള്‍ കഴിയുമ്പോള്‍ എം.എല്‍.എക്ക് കൃത്യത്തില്‍ പങ്കില്ലെന്ന റിപ്പോര്‍ട്ടും നല്‍കും. ചിലര്‍ യുവതിയുടെ വീട്ടുകാരെ വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഈ രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്നതെന്തൊക്കെയാണെന്ന് എല്ലാവരും കാണുന്നുണ്ടല്ലോ, അദ്ദേഹം പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദയ്‌ക്കെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകള്‍ പിന്‍വലിക്കാനുള്ള യോഗി സര്‍ക്കാരിന്റെ തീരുമാനത്തേയും കപില്‍ സിബല്‍ വിമര്‍ശിച്ചു.


Watch DoolNews Video:

We use cookies to give you the best possible experience. Learn more