| Tuesday, 15th March 2022, 9:37 am

ഗാന്ധിമാര്‍ മാറിനിന്ന് മറ്റുള്ളവര്‍ക്ക് ഒരവസരം നല്‍കണം, കോണ്‍ഗ്രസ്  വെള്ളരിക്കാപ്പട്ടണത്തിലാണ് ജീവിക്കുന്നത്; തുറന്നടിച്ച് കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അസ്വാരസ്യം രൂക്ഷമാവുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍.

ഗാന്ധിമാര്‍ നേതൃസ്ഥാനത്തുനിന്ന് മാറി മറ്റാര്‍ക്കെങ്കിലും സ്ഥാനം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

എട്ട് വര്‍ഷത്തിന് ശേഷവും പാര്‍ട്ടിയുടെ തകര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ച് അറിയില്ലെങ്കില്‍ നേതൃത്വം വെള്ളരിക്കാപ്പട്ടണത്തിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബ്രെയ്ന്‍ സ്‌ട്രോമിംഗ് നടത്താനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെ ആക്ഷേപിച്ചായിരുന്ന വിമര്‍ശനം.

നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിയോ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള സി.ഡബ്ല്യു.സിയുടെ തീരുമാനമോ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സിബല്‍ പറഞ്ഞു.

സി.ഡബ്ല്യു.സിക്ക് പുറത്തുള്ള വലിയൊരു വിഭാഗം നേതാക്കള്‍ക്ക് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്ക് പുറത്ത് ഒരു കോണ്‍ഗ്രസ് ഉണ്ടെന്നും നിങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ദയ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമിതിയില്‍ ഇല്ലെങ്കിലും കോണ്‍ഗ്രസില്‍ ഉള്ള തങ്ങളെപ്പോലുള്ള ഒട്ടനവധി നേതാക്കള്‍ക്ക് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളതെന്നും തങ്ങള്‍ സമിതിയില്‍ ഇല്ലാത്തത് കൊണ്ട് അതില്‍ കാര്യമില്ല എന്നാണോ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു.

”അവരുടെ അഭിപ്രായത്തില്‍, സി.ഡബ്ല്യൂ.സി ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നു. അത് ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല,” അദ്ദേഹം പറഞ്ഞു.

‘സബ് കി കോണ്‍ഗ്രസ്’ വേണമെന്നത് തികച്ചും തന്റെ വ്യക്തിപരമായ വീക്ഷണമാണെന്നും മറ്റു ചിലര്‍ക്ക് ‘ഘര്‍ കി കോണ്‍ഗ്രസ്’ വേണമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

”എനിക്ക് തീര്‍ച്ചയായും ഒരു ‘ഘര്‍ കി കോണ്‍ഗ്രസ്’ ആവശ്യമില്ല. എന്റെ അവസാന ശ്വാസം വരെ ‘സബ് കി കോണ്‍ഗ്രസിന്’ വേണ്ടി ഞാന്‍ പോരാടും. ഈ ‘സബ് കി കോണ്‍ഗ്രസ്’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരുമിച്ചുകൂടുകയല്ല, മറിച്ച് ബി.ജെ.പിയെ ആഗ്രഹിക്കാത്ത ഇന്ത്യയിലെ എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണ്, ”അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ നേതൃമാറ്റത്തിനുള്ള ആവശ്യം കോണ്‍ഗ്രസില്‍ ശക്തപ്പെട്ടിരുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് ജി-23 നേതാക്കള്‍ രംഗത്തുവരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ത്തിരുന്നു.

എന്നാല്‍ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നായിരുന്നു യോഗത്തിന്റെ തീരുമാനം.

Content Highlights: Kapil Sibal against sonia Gandhi

We use cookies to give you the best possible experience. Learn more