|

'മഹാരാഷ്ട്ര ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ കണ്ണും കാതും'; രാഷ്ട്രപതി ഭരണത്തിനെതിരെ കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്ത ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിക്കും അതംഗീകരിച്ച കേന്ദ്രസര്‍ക്കാരിനും എതിരെ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. കേന്ദ്രസര്‍ക്കാരിന്റെ കണ്ണുകളും കാതുകളുമാണ് ഗവര്‍ണറെന്ന് അദ്ദേഹം വിമര്‍ശിച്ചു.

‘കേന്ദ്രസര്‍ക്കാരിന്റെ കണ്ണുകളും കാതുകളുമായ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് എല്ലാ ഭരണഘടനാ ചട്ടങ്ങളും അട്ടിമറിക്കാന്‍ ഒരു ഭയവും തോന്നിയിട്ടില്ല. ഇതാണു സ്ഥാപനങ്ങളുടെ വിധി. രാജ്യം മാറിക്കഴിഞ്ഞു.’- സിബല്‍ ട്വീറ്റ് ചെയ്തു.

ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയ ശിവസേനയ്ക്കു വേണ്ടി ഇന്നു ഹാജരാകുന്നത് സിബലാണ്. സിബലുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇന്നലെ ശിവസേന ഹരജി നല്‍കിയത്. ഇന്നു രാവിലെ 10.30-ന് കേസില്‍ വാദം കേള്‍ക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന എസ്.എ ബോബ്ഡെയാണു വാദം കേള്‍ക്കുന്നത്.

രണ്ടുദിവസം കൂടി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സമയം നീട്ടിത്തരണമെന്ന ആവശ്യം ഗവര്‍ണര്‍ നിഷേധിച്ചിരുന്നു. ബി.ജെ.പിയ്ക്ക് 48 മണിക്കൂര്‍ ലഭിച്ചിരുന്നെന്നും തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രമേ ലഭിച്ചിരുന്നുള്ളു എന്നുമാണ് അപേക്ഷയിലുള്ളത്.

ശിവസേനാ നേതാവ് ആദിത്യാ താക്കറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍ക്കാര്‍ രൂപീകരണത്തിനു രണ്ടുദിവസം നീട്ടിത്തരണമെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചത്. എന്നാല്‍ ഗവര്‍ണര്‍ ശിവസേനയുടെ ആവശ്യം തള്ളുകയായിരുന്നു.

അതിനുശേഷമാണ് ശിവസേന സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ച് ഹരജി നല്‍കിയത്.