ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം രൂക്ഷമാകുന്നു. പാര്‍ട്ടിക്കുള്ളിലെ നീക്കങ്ങളില്‍ അതൃപ്തി വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വീണ്ടും രംഗത്ത്. എ.ഐ.സിസി ഭാരവാഹികളെ നോമിനേറ്റ് ചെയ്തത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരരുദ്ധമായാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഇതാണ് കോണ്‍ഗ്രസ് പിന്തുടരുന്ന രീതിയെങ്കില്‍ പാര്‍ട്ടി ഭരണഘടന മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
”പാര്‍ട്ടിയുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ XIX പറയുന്നത്, പാര്‍ട്ടി പ്രസിഡന്റും പാര്‍ലമെന്റിലെ കോണ്‍ഗ്രസ് നേതാക്കളും കൂടാതെ, വര്‍ക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യു.സി) മറ്റ് 23 അംഗങ്ങളെ ഉള്‍ക്കൊള്ളും, അതില്‍ 12 പേരെ എ.ഐ.സി.സി തെരഞ്ഞെടുക്കും. ഇപ്പോള്‍ സി.ഡബ്ല്യു.സി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിനാല്‍, ഇതൊന്നും സംഭവിക്കാന്‍ സാധ്യതയില്ല. എന്താണ് നടക്കാന്‍ പോകുന്നതെന്നാല്‍ (കോണ്‍ഗ്രസ്) പ്രസിഡന്റിനെ എ.ഐ.സി.സിയില്‍ ഉള്ളവര്‍ തെരഞ്ഞെടുക്കുന്നത് തീര്‍ച്ചയായും സംഭവിക്കും” കപില്‍ സിബല്‍ പറഞ്ഞു.
ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നില്‍കിയ അഭിമുഖത്തിലായിരുന്നു സിബലിന്റെ പ്രതികരണം.
30 വര്‍ഷത്തിലേറെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തനിക്ക് പാര്‍ട്ടിയുടെ ഭരണഘടനയെക്കുറിച്ച് നന്നായി അറിയാമെന്നും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വേണ്ടി നിലകൊള്ളേണ്ടതുപോലെ, പാര്‍ട്ടിയുടെ ഭരണഘടനയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും സിബല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
2024 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി അനുയോജ്യനല്ല എന്ന ചര്‍ച്ചകള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നതിനിടെയായിരുന്നു മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവരുടെ അപ്രതീക്ഷിത നീക്കം.
കപില്‍ സിബലിനെക്കൂടാതെ ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും കത്തില്‍ ഒപ്പിട്ടിരുന്നു.
പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരുന്നത്.
പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നായി കത്തില്‍ പറയുന്നു. തോല്‍വികള്‍ പൂര്‍ണമനസ്സോടെ പഠിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കത്തില്‍ പറഞ്ഞിരുന്നു. അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക