national news
എസ്.പി- ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചതോടെ അഖിലേഷിനെതിരെ റെയ്ഡും തുടങ്ങി; ഇതാണ് ബി.ജെ.പി: കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 06, 09:59 am
Sunday, 6th January 2019, 3:29 pm

 

ന്യൂദല്‍ഹി: ഖനന അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം യു.പിയില്‍ നടന്ന റെയ്ഡ് ബി.ജെ.പിയുടെ പ്രതികാര നടപടിയെന്ന് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരോട് ബി.ജെ.പി ഇത്തരത്തിലാണ് പ്രതികരിക്കാറുള്ളതെന്നും കപില്‍ സിബല്‍ പറഞ്ഞു.

എസ്.പി- ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. അതോടെ അഖിലേഷിനെതിരെ റെയ്ഡും തുടങ്ങി. ഇത് പ്രതീക്ഷിച്ചത്. ബി.ജെ.പിയ്‌ക്കെതിരെ ആരൊക്കെ സംസാരിച്ചിട്ടുണ്ട് അവര്‍ക്കെതിരെ റെയ്ഡ് വന്നിട്ടുമുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.

Also read: മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കപില്‍ സിബല്‍. മണല്‍ ഖനന അഴിമതിയുമായി ബന്ധപ്പെട്ടാണ് അഖിലേഷിനെതിരെ അന്വേഷണം നടത്തുന്നത്.

2012-2013 കാലയളവില്‍ അഖിലേഷ് യാദവിനായിരുന്നു ഖനന വകുപ്പിന്റെ ചുമതല. 2012 മുതല്‍ 2016 വരെ വകുപ്പ് മന്ത്രിമാരായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥരിലൊരാള്‍ വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് യു.പിയിലെ 12 സ്ഥലങ്ങളില്‍ ശനിയാഴ്ച സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സി.ബി.ഐ നേരത്തെ കേസെടുത്തിരുന്നത്.

ഏഴ് ജില്ലകളില്‍ അനധികൃത ഖനനത്തിന് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നാണ് ആരോപണം.