ജഡ്ജിമാര്‍ ജാഗരൂകയായിരിക്കണം; ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടുള്ള ബില്ലിനെതിരെ കപില്‍ സിബല്‍
national news
ജഡ്ജിമാര്‍ ജാഗരൂകയായിരിക്കണം; ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടുള്ള ബില്ലിനെതിരെ കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th August 2023, 10:00 pm

ന്യൂദല്‍ഹി: ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ച മൂന്ന് ബില്ലുകളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കപില്‍ സിബല്‍. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പൊലീസിന് അധികാരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് നിര്‍ദ്ദിഷ്ട നിയമമെന്ന് സിബല്‍ ആരോപിച്ചു.

‘അവര്‍ (എന്‍.ഡി.എ സര്‍ക്കാര്‍) കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ അവരുടെ യഥാര്‍ത്ഥ ചിന്ത നിയമത്തിലൂടെ രാജ്യത്ത് സ്വേഛാധിപത്യം കൊണ്ടുവരുകയെന്നതാണ്. സുപ്രീം കോടതിക്കും, ഹൈക്കോടതിക്കും, മജിസ്‌ട്രേറ്റിനും സി.എ.ജിക്കും, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കഴിയുന്ന അത്തരം നിയമങ്ങള്‍ ഉണ്ടാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്,’ ദല്‍ഹിയില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിബല്‍ പറഞ്ഞു.

ജഡ്ജിമാര്‍ ജാഗരൂകരായിരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും സിബല്‍ പറഞ്ഞു. ഇത്തരം നിയമങ്ങള്‍ പാസായാല്‍ രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിയമം ഏറെ അപകടം നിറഞ്ഞതാണെന്നും പാസായി കഴിഞ്ഞാല്‍ എല്ലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ റിട്ട് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും സിബല്‍ പറഞ്ഞു.

‘ ഈ ബില്ലുകള്‍ പിന്‍വലിക്കാന്‍ ഞാന്‍ നിങ്ങളോട് (സര്‍ക്കാര്‍) അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ രാജ്യമൊട്ടാകെ സഞ്ചരിക്കുകയും നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള ജനാധിപത്യമാണ് വേണ്ടതെന്ന് ജനങ്ങളോട് സംസാരിക്കുകയും ചെയ്യും. നിയമത്തിലൂടെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന നിയമങ്ങളാണ് നിങ്ങള്‍ക്ക് വേണ്ടത്,’ അദ്ദേഹം പറഞ്ഞു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് പൂര്‍ണമായും വിരുദ്ധമാണ് ബില്ലെന്നും സിബല്‍ ആരോപിച്ചു. ‘ഇത് തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണ്, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള അടിയാണിത്. രാജ്യത്ത് ജനാധിപത്യം വേണ്ടെന്ന അവരുടെ ചിന്തയാണ് ഇത് വ്യക്തമാക്കുന്നത്,’അദ്ദേഹം പറഞ്ഞു.

ക്രിമിനല്‍ നിയമങ്ങള്‍ പൂര്‍ണമായും പരിഷ്‌കരിച്ചുകൊണ്ടുള്ള ബില്‍ വെള്ളിയാഴ്ചയാണ് ലോക്സഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. 1860 ലെ ഇന്ത്യന്‍ പീനല്‍ കോഡിന് പകരം ഭാരതീയ നിയമ സംഹിതയും ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യയും നിലവില്‍ വരും.

സായുധ കലാപം, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യന്‍ പരാമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതക്കും അപകടമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ എന്നിവയും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

രാജ്യദ്രോഹ നിയമം റദ്ദാക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. രാജ്യദ്രോഹം എന്ന വാക്ക് നിര്‍ദ്ദിഷ്ട നിയമത്തിലില്ല. ഇതിന് പകരമായി സെഷന്‍ 150 ആണുള്ളത്. പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതക്കും അപകടമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ക്കെതിരായ നിയമമാണിത്.

ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ വധശിക്ഷ നല്‍കുന്ന വ്യവസ്ഥയും കൊണ്ടുവരുമെന്ന് അമിത് ഷാ അറിയിച്ചിരുന്നു. കൂട്ടബലാത്സംഗത്തിന് 20 വര്‍ഷ തടവും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ ജീവപര്യന്തവുമാണ് മറ്റ് ശിക്ഷകള്‍.

 

Content Highlights: Kapil sibal against bills to replace criminal law