ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍. അഗ്നിപഥ് ബി.ജെ.പിയുടെ തന്ത്രങ്ങളുടെ കൂട്ടത്തിലെ പുതിയ തന്ത്രമാണെന്നാണ് കപില്‍ സിബല്‍ കുറിച്ചത്. പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തന്ത്രങ്ങളുടെ ബാഗിലെ പുതിയ തന്ത്രമാണ് അഗ്നിപഥ് നിയമം.
നിങ്ങളുടെ എല്ലാ പരിഹാരങ്ങള്‍ക്കും കാലഹരണം സംഭവിച്ചിട്ടുണ്ട്.
യുവാക്കളുടെ ഭാവി കൊണ്ട് കളിക്കരുത്,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അഗ്നിപഥ് വിഷയത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് മനസ്സിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുന്നില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ജനങ്ങളുടെ ക്ഷേമത്തിനെന്ന വ്യാജേന കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച ചില പദ്ധതികള്‍ ജനങ്ങള്‍ തന്നെ സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിച്ചിരുന്നു. കാര്‍ഷിക നിയമം, ജി.എസ്.ടി, തുടങ്ങിയവയേയും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചു.
‘അഗ്‌നിപഥ് യുവാക്കള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞു, യുവാക്കള്‍ എതിര്‍ത്തു. കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് വേണ്ടിയെന്ന് പറഞ്ഞു, കര്‍ഷകര്‍ എതിര്‍ത്തു. നോട്ട് നിരോധനം സാമ്പത്തിക വിദഗ്ദര്‍ എതിര്‍ത്തു, ജി.എസ്.ടി കച്ചവടക്കാര്‍ എതിര്‍ത്തു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
.
അതേസമയം അഗ്നിപഥ് പദ്ധതി യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അഗ്നിപഥ് പദ്ധതി പിന്‍വലിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അഗ്നിപഥ് പിന്‍വലിക്കില്ലെന്നും യുവാക്കള്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു.
Content Highlight: Kapil Sibal against Agneepath scheme