ന്യൂദല്‍ഹി: ടെലഗ്രാമിലൂടെ വര്‍ഗീയത പ്രചരിപ്പിച്ചതിന് വിവാദത്തിലായ ‘ഹിന്ദു ഇക്കോസിസ്റ്റം’ എന്ന വര്‍ഗീയ ഗ്രൂപ്പിലേക്ക് വീണ്ടും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി ബി.ജെ.പി നേതാവ് കപില്‍ മിശ്ര.
ഹിന്ദു ഇക്കോസിസ്റ്റം എന്ന ഗ്രൂപ്പിലുടെ കപില്‍ മിശ്ര അതിതീവ്രമായി വര്‍ഗീയ പ്രചരണം നടത്തിയതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉടന്‍ തുടങ്ങുമെന്ന് കപില്‍ മിശ്ര അറിയിച്ചിരിക്കുന്നത്. ദല്‍ഹിയിലെ എല്ലാ പ്രദേശങ്ങളിലും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉടന്‍ ആരംഭിക്കുമെന്നാണ് കപില്‍ മിശ്ര പറഞ്ഞത്.
കപില്‍ മിശ്രയുടെ ഹിന്ദു ഇക്കോസിസ്റ്റം എന്ന ഗ്രൂപ്പ് വഴി ക്രിസ്തുമതം, ഇസ്‌ലാം, ചൈന എന്നിവയ്‌ക്കെതിരെ നിരന്തരം വാര്‍ത്ത പ്രചരിപ്പിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ആവിഷ്‌ക്കരിച്ചിരുന്നെന്ന് ന്യൂസ് ലോണ്ടറി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇസ്‌ലാം, ക്രിസ്ത്യന്‍, ചൈനാ വിഷയങ്ങളില്‍ ‘ഇസ്‌ലാം വാര്‍ത്തകള്‍’, ‘നിരുത്തരവാദ ചൈന’, ‘ചര്‍ച്ച് സംസാരിക്കുന്നു” എന്നീ പേരുകളില്‍ കപില്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ഗ്രുപ്പുകളില്‍ ടൂള്‍ കിറ്റ് പങ്കുവെയ്ക്കുമെന്നും ന്യൂസ് ലോണ്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
വിഷലിപ്തമായ വിവരണങ്ങളും സാമുദായിക വിദ്വേഷവും വര്‍ഗീയതയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം പ്രചരിപ്പിക്കാന്‍ പ്രത്യേക പ്രൊപ്പഗാന്‍ഡ ഈ സംഘത്തിന് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഗ്രൂപ്പില്‍ അംഗമാകാന്‍ അപേക്ഷ ഫോം ഉണ്ട്. പേര്, മൊബൈല്‍ ഫോണ്‍ നമ്പര്‍, സംസ്ഥാനം, താമസിക്കുന്ന രാജ്യം എന്നിവ ചേര്‍ക്കണം. ഹിന്ദു ഇക്കോ സിസ്റ്റത്തിലെ മുന്നണി പോരാളിയാകാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇഷ്ട മേഖല ഏതാണെന്ന് വ്യക്തമാക്കണം.
ഗോരക്ഷ, ഗോസേവ, ലവ് ജിഹാദിനെതിരായ പോരാട്ടം, ഘര്‍ വാപസി, ഹലാല്‍, മന്ദിര്‍ നിര്‍മല്‍, ഹിന്ദു ഏകത, സേവ തുടങ്ങിയവവ ഓപ്ഷനായി ചേര്‍ത്തിട്ടുണ്ട്.
‘ന്യൂസ് ലോണ്ടറി’ വാര്‍ത്താപോര്‍ട്ടല്‍ പുറത്തുവിട്ട അന്വേഷണറിപ്പോര്‍ട്ട് പ്രകാരം കപില്‍മിശ്രയും കൂട്ടരും ‘ഹിന്ദു ഇക്കോസിസ്റ്റം’ എന്ന ടെലഗ്രാം ഗ്രൂപ്പ് ഉപയോഗിച്ച് വ്യാപക വിദ്വേഷപ്രചാരണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. 20,000ത്തില്‍ അധികം അംഗങ്ങള്‍ ഉള്ള ഗ്രൂപ്പിലൂടെ വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂസ് ലോണ്ടറിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ട്വിറ്ററില്‍ ഹിന്ദു ഇക്കോസിസ്റ്റം ട്രെന്‍ഡിങ്ങാകുകയും ഗ്രൂപ്പിനെ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കരാട്ട് ഉള്‍പ്പെടെയുള്ളവര്‍ കപില്‍ മിശ്രയ്‌ക്കെതിരെ പരാതി നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kapil Misra starts Membership Campaign for Hindu Ecosystem Group