| Sunday, 8th November 2020, 2:50 pm

അര്‍ണാബ് ഗോസ്വാമിയെ വിട്ടുകിട്ടാന്‍ പ്രതിഷേധം; ബി.ജെ.പി നേതാക്കളായ കപില്‍ മിശ്രയും തജീന്ദര്‍ ബാഗ്ഗയും പൊലീസ് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ബി.ജെ.പി നേതാക്കളായ കപില്‍ മിശ്രയെയും തജീന്ദര്‍ ബാഗ്ഗയെയും കസ്റ്റഡിയിലെടുത്ത് ദല്‍ഹി പൊലീസ്. ഞായറാഴ്ച രാവിലെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

ദല്‍ഹിയിലെ മഹാത്മാ ഗാന്ധി മെമോറിയലില്‍ പരിസരത്ത് വെച്ചാണ് ഇരുവരും ധര്‍ണ സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കുമൊപ്പം നാല് പ്രതിഷേധക്കാരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് രാജേന്ദര്‍ നഗര്‍ പൊലീസ് വ്യക്തമാക്കി. ഇരുവരും നിരോധനാജ്ഞ ലംഘിച്ചതിനാലാണ് അവരെ തടവിലാക്കിയതെന്നും പൊലീസ് പറഞ്ഞത്.

രാജ്ഘട്ടില്‍ പ്രതിഷേധിക്കുന്നതിനിടെ തങ്ങള്‍ അറസ്റ്റിലായെന്ന് ബാഗ്ഗയും മിശ്രയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

2018 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യാ പ്രേരണക്കേസിലാണ് അര്‍ണാബ് ഗോസ്വാമിയെ കഴിഞ്ഞയാഴ്ച പാലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ബോംബെ ഹൈക്കോടതി അര്‍ണബിന് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യാപേക്ഷയുമായി കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

അതേസമയം കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹരജി വിധി പറയാനായി മാറ്റിവെച്ചു. വിധി പറയുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല. എസ്.എസ് ഷിന്‍ഡെ, എം.എസ് കാര്‍ണിക് എന്നിവരടങ്ങിയ ബെഞ്ചാണ് അര്‍ണബിന്റെ ഹരജി പരിഗണിച്ചത്.

കഴിഞ്ഞ ദിവസമാണ് ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 6 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍ണബ് ഗോസ്വാമിയെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

അതേസമയം, അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേകര്‍, സ്മൃതി ഇറാനി, അമിത് ഷാ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രകാശ് ജാവദേകര്‍ പറഞ്ഞത്. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേകറിന്റെ പ്രതികരണം.

അര്‍ണബിനെ പിന്തുണയ്ക്കാത്തവര്‍ ഫാസിസത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്.

അതേസമയം അര്‍ണബിനെതിരെ ഒരു പുതിയ എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു എന്ന് കാണിച്ച് എന്‍.എം ജോഷി മാര്‍ഗ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്‌തെന്നാണ് കേസ്. അര്‍ണബ് തന്നെ ആക്രമിച്ചുവെന്ന് കാട്ടി വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിരുന്നു.

ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് നിസഹകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kapil Mishra, Tajinder Bagga detained while protesting in support of Arnab Goswami

We use cookies to give you the best possible experience. Learn more