| Monday, 13th November 2017, 10:42 am

'38ാം വയസിലാണ് സച്ചിന്‍ ലോകകപ്പ് നേടിയത്, അന്ന് ആരും ഒന്നും പറഞ്ഞില്ലല്ലോ?'; ധോണി ഹേറ്റേഴ്‌സിന് മറുപടിയുമായി കപില്‍ ദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ധോണി വിരമിക്കണോ വേണ്ടയോ? ഈ ചോദ്യത്തിന് പിന്നാലെയാണ് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് സഞ്ചരിക്കുന്നത്. മുന്‍ നായകന്റെ വിരമിക്കല്‍ ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിഹാസ താരം ലക്ഷ്മണും അജിത് അഗാര്‍ക്കറും അക്കൂട്ടരില്‍ ചിലരാണ്. അതേസമയം, മറുവശത്ത് താരത്തിന് പിന്തുണയുമായി വരുന്നവരും ചെറുതല്ല. ഗാംഗുലിയും അസ്ഹറുദ്ദീനുമെല്ലാം ധോണി കളി തുടരണമെന്ന് പറയുന്നവരാണ്.

ഇതിനിടെ കഴിഞ്ഞ ദിവസം ധോണി തന്നെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരുന്നു.  മുന്‍ നായകനും ലോകകപ്പ് ജേതാക്കളായ ടീം നായകനുമായ കപില്‍ ദേവാണ് ധോണിയ്ക്ക് പിന്തുണയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

“കുറച്ച് ആവറേജ് പ്രകടനങ്ങളുണ്ടായതിന്‍െ പേരില്‍ എല്ലാവരും അയാളുടെ പിന്നാലെ പോകുന്നതിന്റെ കാരണം എനിക്ക് മനസിലാകുന്നില്ല. പ്രായത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല. സച്ചിന്‍ ലോകകപ്പ് നേടിയപ്പോള്‍ 38 വയസായിരുന്നു. അന്ന് ആരും ഒന്നും പറഞ്ഞില്ല. അയാളെ ടീമില്‍ നിന്നും പുറത്താക്കിയാല്‍ ആരെയാണ് പകരം കിട്ടുക?.” കപില്‍ ദേവ് പറയുന്നു.


Also Read: ‘അലാന ജനിച്ചിരിക്കുന്നു…’; ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പെണ്‍കുഞ്ഞ്; ചിത്രം പുറത്ത് വിട്ട് താരം


മുതിര്‍ന്ന താരങ്ങളായ അശ്വിനും ജഡേജയ്ക്കും പകരക്കാരാകുമോ കുല്‍ദീപും ചാഹലുമെന്ന ചോദ്യത്തിന് സീനിയോരിറ്റി പ്രസക്തമല്ലെന്നും പ്രകടനമാണ് മുഖ്യമെന്നുമായിരുന്നു കപിലിന്റെ മറുപടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസു തുറന്നത്.

തന്നേയും പുത്തന്‍ താരോദയം ഹാര്‍ദ്ദിക് പാണ്ഡ്യയേയും ചേര്‍ത്തുള്ള താരതമ്യങ്ങളെയും ഇതിഹാസതാരം സ്വീകരിച്ചു. അതേസമയം, തന്നേക്കാള്‍ ഉയരങ്ങളിലെത്താനുള്ള കഴിവ് പാണ്ഡ്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more