| Wednesday, 17th July 2024, 4:52 pm

ഇന്ത്യന്‍ ടീമില്‍ അവര്‍ക്ക് പകരക്കാരനാവാന്‍ ആര്‍ക്കും കഴിയില്ല; വമ്പന്‍ പ്രസ്താവനയുമായി കപില്‍ ദേവ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഐതിഹാസികമായ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ മുന്നില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയത് വിരാട് കോഹ്ലിയും രോഹിത് ശര്‍മയുമായിരുന്നു.

രോഹിത് 9 റണ്‍സിന് പുറത്തായപ്പോള്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാടാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററും കളിയിലെ താരവും. ആറ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. കളിയിലെ താരവും വിരാടായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിജയക്കുതിപ്പിന് നിര്‍ണായകമായ സംഭാവനയാണ് രോഹിത്തും നല്‍കിയത്. എന്നാല്‍ ലോകമെമ്പാടുമുള്ള ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് വിരാടും ക്യാപ്റ്റന്‍ രോഹിത്തും ടി-20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ് ഇന്ത്യയുടെ മികച്ച താരങ്ങളായ വിരാടിനെക്കുറിച്ചും രോഹിത്തിനെക്കുറിച്ചും സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും രോഹിത്തിന്റെയും വിരാടിന്റെയും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് കപില്‍ ദേവ് പറഞ്ഞത്. ഐ.എ.എന്‍.എസിന് നല്‍കിയ ഒരു സംഭാഷണത്തിലാണ് കപില്‍ ദേവ് ഈ കാര്യം പറഞ്ഞത്.

‘ ഇന്ത്യന്‍ ടീമില്‍ ഏത് ഫോര്‍മാറ്റിലും അവര്‍ക്ക് പകരക്കാരനാവാന്‍ ഒരാള്‍ക്കും കഴിയില്ല. അവര്‍ ഇന്ത്യന്‍ ടീമില്‍ സച്ചിനും ധോണിയും എങ്ങനെയായിരുന്നോ അതുപോലെയാണ്,’ കപില്‍ ദേവ് പറഞ്ഞു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

Content Highlight: Kapil Dev Talking About Rohit Sharma And Virat Kohli

We use cookies to give you the best possible experience. Learn more