നിലവിലെ ഇന്ത്യന്‍ ബാറ്റിംഗിന്റെ ത്രിമൂര്‍ത്തികളാണ് ഓപ്പണര്‍മാരായ കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ, മൂന്നാം നമ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി എന്നിവര്‍. ഇവരില്‍ ഒരാളെങ്കിലും ഫോമായാല്‍ ഇന്ത്യന്‍ ബാറ്റിംഗിന് അത് ഒരുപാട് ആശ്വാസമാണ്.
ബൈലാറ്ററല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ താരങ്ങള്‍ പക്ഷെ പ്രധാന മത്സരങ്ങളില്‍ സ്ഥിരമായി പരാജയപ്പെടുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുക. ഇതിനെതിരെ ഈ കളിക്കാര്‍ക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു.
ഇപ്പോള്‍ ഇവരെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയിച്ച ക്യാപ്റ്റനായ കപില്‍ ദേവാണ്. കോഹ്‌ലി, രോഹിത്, രാഹുല്‍ എന്നീ ബാറ്റര്‍മാരുടെ അടുത്ത് നിന്ന് കുറച്ചുകൂടി പ്രതീക്ഷിക്കുന്നുണ്ടെന്നാണ് കപില്‍ പറഞ്ഞത്.
‘അവര്‍ക്ക് വലിയ പ്രശസ്തി ഉള്ളതിനാല്‍, വലിയ സമ്മര്‍ദമുണ്ട്, എന്നാല്‍ അത് അങ്ങനെയാകാന്‍ പാടില്ല. അവര്‍ ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കണം. 150 സ്‌ട്രൈക്ക് റേറ്റിന് മുകളില്‍ കളിക്കാന്‍ സാധിക്കുന്ന താരങ്ങളാണ് അവര്‍. എന്നാല്‍ ടീമിനുവേണ്ടി അവര്‍ റണ്‍സ് കണ്ടത്തണം എന്ന സാഹചര്യത്തിലെല്ലാം അവര്‍ ഔട്ടായി പോകും,’ കപില്‍ പറഞ്ഞു.
2019 ലോകകപ്പ് സെമിഫൈനലിലും, കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പിലും ഇവരുടെ മോശം ബാറ്റിംഗ് ടീമിനെ ഒരുപാട് സമര്‍ദത്തിലാക്കിയിരുന്നു. ഇന്ത്യക്ക് വലിയ ടൂര്‍ണമെന്റുകളില്‍ തിളങ്ങാനാകാത്തതിന്റെ പ്രധാന കാരണവും ഇവരുടെ ബാറ്റിംഗിലെ മോശം പ്രകടനങ്ങളാണ്.
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ ഇന്ത്യയുടെ നായകനായ കെ.എല്‍ രാഹുലിനെയാണ് കപില്‍ ദേവ് ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത്. രാഹുലിന്റെ ബാറ്റിംഗ് രീതി ടീമിന് ഗുണം ചെയ്യുന്നില്ലെന്നാണ് കപിലിന്റെ അഭിപ്രായം.
”കെ.എല്‍. രാഹുലിനെക്കുറിച്ച് പറയുകയാണെങ്കില്‍, 20 ഓവറുകള്‍ മുഴുവന്‍ കളിക്കാന്‍ ടീം അവനോട് ആവശ്യപ്പെടുകയും അവന്‍ 60 നോട്ടൗട്ട് എന്ന സ്‌കോറുമായി മടങ്ങിയെത്തുകയും ചെയ്താല്‍, അവന്‍ ആ ടീമിനോട് നീതി പുലര്‍ത്തുന്നില്ല. അദ്ദേഹത്തിന്റെ ആ ഒരു സമീപനം മാറേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. അത് നടന്നില്ലെങ്കില്‍, ടീം കളിക്കാരെ മാറ്റണം,” കപില്‍ പറഞ്ഞു
ഒരു വലിയ കളിക്കാരനായാല്‍ ടീമില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കണം. ഒരു താരത്തിന് വലിയ പ്രശസ്തി ഉണ്ടായാല്‍ മാത്രം പോരാ, മികച്ച പ്രകടനങ്ങള്‍ നടത്തുകയും വേണം,” കപില്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയവരില്‍ രണ്ടാമതായിരുന്നു രാഹുല്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകനായിരുന്ന രാഹുല്‍ എലിമിനേറ്ററില്‍ നിര്‍ണായക ഘട്ടത്തിലാണ് പുറത്തായത്. കളി ലഖ്‌നൗ തോല്‍ക്കുകയും ചെയ്തു. തന്റെ നാച്ചുറല്‍ ഗെയ്മായ അറ്റാക്കിംഗ് ഗെയിം മാറ്റിവെച്ച് പതിയെയാണ് താരം അടുത്ത കാലത്തായി കളിക്കുന്നത്.
ഈ കൊല്ലം നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ മൂവരുടേയും മികച്ച പ്രകടനങ്ങള്‍ ടീം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ടീം ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പ് ഇവരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.