പണം ഒരുപാട് ആകുമ്പോഴുള്ളതാണ്; എല്ലാം അറിയാമെന്ന ഭാവം തന്നെ മാറ്റണം; ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍
Sports News
പണം ഒരുപാട് ആകുമ്പോഴുള്ളതാണ്; എല്ലാം അറിയാമെന്ന ഭാവം തന്നെ മാറ്റണം; ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st August 2023, 7:13 pm

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിനിറങ്ങാന്‍ ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഡൊമിനിക്കയിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര നേടാന്‍ സാധിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം വിന്‍ഡീസ് ജയിക്കുകയായിരുന്നു.

രണ്ട് മത്സരങ്ങളിലും ഒരുപാട് പരീക്ഷണങ്ങളുമായിട്ടായിരുന്നു ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങിയത്. അതിന്റെ പ്രത്യാഖാതം എന്ന രീതിയില്‍ രണ്ടാം മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. 181 റണ്‍സ് നേടി ഓള്‍ ഔട്ടായ ഇന്ത്യയെ വിന്‍ഡീസ് ആറ് വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. ഈ തോല്‍വിക്ക് ശേഷം ഒരുപാട് വിമര്‍ശനങ്ങള്‍ ഇന്ത്യന്‍ ടീമിനെ തേടി എത്തിയിരുന്നു.

ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ചെത്തിയവരുടെ കൂട്ടത്തില്‍ ലോകകപ്പ് നേടിയ നായകന്‍ കപില്‍ ദേവുമുണ്ട്. ഇന്ത്യന്‍ ടീമിന് അഹങ്കാരമാണെന്നും, എല്ലവര്‍ക്കും എല്ലാം അറിയാമെന്ന ഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുനില്‍ ഗവാസ്‌ക്കറിനെ പോലെയുള്ളവര്‍ എന്താണ് ഇവരെ സഹായിക്കാത്തത് എന്നും കപില്‍ ദേവ് ചോദിച്ചു.

‘ഒരുപാട് പണം വരുമ്പോള്‍ അഹങ്കാരവും അതോടൊപ്പം തന്നെ വരും. ഈ താരങ്ങള്‍ക്ക് എല്ലാം അറിയാമെന്നാണ് അവര്‍ വിചാരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും സഹായം ആവശ്യമാണെന്നതാണ് യാഥാര്‍ത്ഥ്യം. സുനില്‍ ഗവാസ്‌കറെ പോലെയുള്ള ഒരാള്‍ ഉള്ളപ്പോള്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് സംസാരിക്കാന്‍ കഴിയുന്നില്ല? എന്തുകൊണ്ടാണ് ഇവിടെ ഈഗോ ഉള്ളത്,’ കപില്‍ ദേവ് പറഞ്ഞു.

 

അതേസമയം ഇതിനെതിരെ മറ്റെല്ലാ താരങ്ങളും മൗനം പാലിച്ചപ്പോള്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. ടീമില്‍ ആര്‍ക്കും അഹങ്കാരമൊന്നുമില്ലെന്നും എല്ലാ താരങ്ങളും നൂറ് ശതമാനം കൊടുത്തുകൊണ്ടാണ് രാജ്യത്തിനായി ഇറങ്ങുന്നതെന്നും ജഡ്ഡു പറഞ്ഞു.

‘അദ്ദേഹം എപ്പോഴാണ് ഈ കാര്യങ്ങള്‍ പറഞ്ഞതെന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹത്തിന് തന്റെ അഭിപ്രായങ്ങള്‍ പങ്കിടാന്‍ പൂര്‍ണ അവകാശമുണ്ട്. പക്ഷേ, ടീമിനുള്ളില്‍ അഹങ്കാരമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഓരോ കളിക്കാരനും അവരുടെ നൂറ് ശതമാനം നല്‍കുന്നു. ഞങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം, വ്യക്തിപരമായ അജണ്ടകളൊന്നുമില്ല,’ ജഡേജ മറുപടി പറഞ്ഞു.

Content Highlight: Kapil Dev Shares his Thoughts on Indian Players says they are arrogant