2023 ഐ.സി.സി ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ പുറത്തായ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസവും സംഘവും കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ബാബറിനെ മുന്‍ പാക് താരങ്ങള്‍ ഒന്നടങ്കം വിമര്‍ശിച്ചിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നവംബര്‍ 11ന് ഇംഗ്ലണ്ടുമായുള്ള അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ ബാബറും സംഘവും 2023 ലോകകപ്പില്‍ നിന്നും പുറത്തായത്.
ഇപ്പോള്‍ ബാബറിനെ കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ് സംസാരിക്കുകയാണ്. അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റ് വിദഗ്ധരും ആരാധകരും അദ്ദേഹത്തെ അപമാനിക്കുകയാണെന്നും നിലവിലെ പ്രകടനത്തെ മുന്‍നിര്‍ത്തി ബാബറിനെ വിലയിരുത്തരുതെന്ന് പറയുകയാണ് കപില്‍ദേവ്.
‘ടീമിന്റെ ഇപ്പോഴത്തെ പ്രകടനം കാരണം ആളുകള്‍ ബാബറിനെ ആക്ഷേപിക്കുകയാണ്. എന്നാല്‍ ആറുമാസം മുമ്പ് പാക്കിസ്ഥാനെ ഒന്നാം സ്ഥാനത്തേക്ക് നയിച്ച അതേ കളിക്കാരന്‍ തന്നെയാണ് ബാബര്‍ എന്ന് ഓര്‍ക്കുക,’അദ്ദേഹം ടി.ആര്‍.എസ് ക്ലിപ്പുകളില്‍ പറഞ്ഞു.
‘അടുത്തിടെയുള്ള പ്രകടനങ്ങള്‍ കണക്കിലെടുക്കുന്നത് ആരാധകര്‍ക്ക് ശീലമായ കാര്യമാണ് എന്നാല്‍ അതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു കളിക്കാരന്‍ തന്റെ ആദ്യ ഗെയിമില്‍ സെഞ്ച്വറി നേടിയാല്‍ മാത്രമേ അവന്‍ ഒരു സൂപ്പര്‍സ്റ്റാറായി അംഗീകരിക്കപ്പെടുന്നുള്ളു എന്ന ചിന്ത വെറുതെയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ലോകകപ്പില്‍ 9 മത്സരങ്ങളില്‍ നിന്നും നാല് അര്‍ധസെഞ്ച്വറികള്‍ സഹിതം 320 റണ്‍സ് മാത്രമാണ് ബാബറിന്റെ സമ്പാദ്യം. ലോകകപ്പില്‍ എട്ട് മത്സരത്തില്‍ നിന്നും നാല് വിജയം മാത്രം സ്വന്തമാക്കിയാണ് മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും മടങ്ങിയത്. ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്സ് എന്നിവരോടാണ് ബാബറിനും സംഘത്തിനും വിജയിക്കാന്‍ സാധിച്ചത്.
Content Highlight: Kapil Dev Says Trying To Remove Babar Azam From Captaincy Is Tantamount To Insulting Him