അവനെ ഇങ്ങനെ കാണാന്‍ പോലും എനിക്കാകില്ല, അവനായി ഞാന്‍ എന്റെ പെന്‍ഷന്‍ പോലും വേണ്ടെന്ന് വെക്കാം; ബി.സി.സി.ഐയോട് കപില്‍ ദേവ്
Sports News
അവനെ ഇങ്ങനെ കാണാന്‍ പോലും എനിക്കാകില്ല, അവനായി ഞാന്‍ എന്റെ പെന്‍ഷന്‍ പോലും വേണ്ടെന്ന് വെക്കാം; ബി.സി.സി.ഐയോട് കപില്‍ ദേവ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th July 2024, 3:06 pm

മുന്‍ ഇന്ത്യന്‍ താരം അന്‍ഷുമാന്‍ ഗെയ്ക്വാദിന് സാമ്പത്തിക സഹായം നല്‍കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. രക്താര്‍ബുദ ബാധിതനാണ് 71കാരനായ ഗെയ്ക്വാദ്.

തന്റെ സഹതാരങ്ങളായ മൊഹീന്ദര്‍ അമര്‍നാഥ്, സുനില്‍ ഗവാസ്‌കര്‍, സന്ദീപ് പാട്ടീല്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, മദന്‍ ലാല്‍, രവി ശാസ്ത്രി, കീര്‍ത്തി ആസാദ് എന്നിവര്‍ ഗെയ്ക്വാദിന്റെ ചികിത്സക്കായി പണം സമാഹരിക്കുന്നുണ്ടെന്നും കപില്‍ ദേവ് പറഞ്ഞു.

‘ഇത് വളരെ ദുഃഖകരവും നിരാശാജനകവുമാണ്. അന്‍ഷുവിനോടൊപ്പം കളിച്ചതിനാല്‍ എനിക്ക് ഏറെ സങ്കടമുണ്ട്. അവനെ ഇങ്ങനെ കാണാന്‍ എനിക്ക് സാധിക്കില്ല. ആരും ഇത്തരത്തില്‍ വേദനയനുഭവിക്കരുത്. ബോര്‍ഡ് അവന്റെ കാര്യങ്ങളില്‍ വേണ്ടത് ചെയ്യുമെന്ന് എനിക്കറിയാം. ഞങ്ങള്‍ ആരെയും നിര്‍ബന്ധിക്കുകയല്ല. അന്‍ഷുവിന് എന്ത് സഹായവും നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് വരണം.

ലോകത്തെ ഏറ്റവും മികച്ചതും വേഗതയേറിയതുമായ ബൗളര്‍മാരെ നേരിടുന്നതില്‍ അവന് നെഞ്ചിലും തലയ്ക്കുമെല്ലാം ഏറ് കൊണ്ടിട്ടുണ്ട്. ഇത് അവന് വേണ്ടി നിലകൊള്ളാനുള്ള സമയമാണ്. എനിക്കുറപ്പാണ് ക്രിക്കറ്റ് ആരാധകര്‍ അവനെ കൈവിടില്ല, അവന്‍ സുഖം പ്രാപിക്കുന്നതിന് എല്ലാവരും പ്രാര്‍ത്ഥിക്കണം,’ സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ ദേവ് പറഞ്ഞു.

അന്‍ഷുമാന്റെ സ്ഥിതി മോശമാവുകയാമെങ്കില്‍ തന്റെ പെന്‍ഷന്‍ വേണ്ടെന്ന് വെക്കാന്‍ തയ്യാറാണെന്നും കപില്‍ ദേവ് പറഞ്ഞു.

‘നിര്‍ഭാഗ്യവശാല്‍ നമുക്ക് ഇത്തരത്തില്‍ ഒരു സംവിധാനമില്ല. ഇപ്പോഴുള്ള താരങ്ങള്‍ പണം സമ്പാദിക്കുന്നത് കാണുമ്പോള്‍ സന്തോഷം ലഭിക്കുന്നു. സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും മികച്ച തുക ലഭിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. എന്നാല്‍ ഞങ്ങളുടെ കാലത്ത് ക്രിക്കറ്റ് ബോര്‍ഡിന്റെ കയ്യില്‍ പണമില്ലായിരുന്നു.

ഇപ്പോള്‍ ബോര്‍ഡ് മുന്‍ താരങ്ങളെ ഉറപ്പായും പരിപാലിക്കണം. പക്ഷേ അവര്‍ എവിടേക്കാണ് ഈ സംഭാവനകള്‍ അയക്കുക? ഒരു ട്രസ്റ്റ് രൂപീകരിച്ചാല്‍ അവിടേക്ക് എളുപ്പത്തില്‍ സംഭാവനകള്‍ നല്‍കാം. പക്ഷേ നമുക്ക് അത്തരത്തിലുള്ള ഒരു സംവിധാനമില്ല.

 

ഒരു ട്രസ്റ്റ് രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. എനിക്ക് തോന്നുന്നത് ബി.സി.സി.ഐക്ക് എളുപ്പം അത് സാധിക്കുമെന്നാണ്. അവര്‍ മുന്‍ താരങ്ങളെയും നിലവിലുള്ളവരെയും പരിപാലിക്കുന്നുണ്ട്. അവരുടെ കുടുംബം അനുവദിക്കുകയാമെങ്കില്‍ ഞങ്ങളുടെ പെന്‍ഷന്‍ തുക നല്‍കാന്‍ തയ്യാറാണ്,’ കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

1975 മുതല്‍ 87 വരെയുള്ള 12 വര്‍ഷക്കാലം ഇന്ത്യക്കായി കളിച്ച താരമാണ് ഗെയ്ക്വാദ്. 40 ടെസ്റ്റും 15 ഏകദിനവും അദ്ദേഹം ഇക്കാലയളവില്‍ കളിച്ചിട്ടുണ്ട്. ഇതിന് പുറമെ രണ്ട് തവണ ഇന്ത്യയുടെ പ്രധാന പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Content Highlight: Kapil Dev says that he is ready to give pension to ailing Anshuman Gaikwad.