വരാനിരിക്കുന്ന ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയാണ് കിരീട സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ടീം. ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് മനസ് തുറന്നിരിക്കുകയാണ് ഇതിഹാസ നായകന്‍ കപില്‍ ദേവ്.
വിശ്വകിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യന്‍ ടീം ആദ്യം ചെയ്യേണ്ടത് സമ്മര്‍ദ്ദത്തെ അതിജീവിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ‘ഇതെങ്ങനെയാണ് വരാന്‍ പോകുന്നത് എന്നതിനെ കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. ബി.സി.സി.ഐ ഇതുവരെ ടീമിനെ പോലും പ്രഖ്യാപിച്ചിട്ടില്ല.
എന്നാലും ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യ എപ്പോഴും ഫേവറിറ്റുകളാണ്. വര്‍ഷങ്ങളായുള്ള ശീലമങ്ങനെയാണ്. ഇന്ത്യന്‍ ടീം പ്രതീക്ഷയ്‌ക്കൊത്ത് എല്ലാ വശങ്ങളില്‍ നിന്നും ഒരുപോലെ തിളങ്ങേണ്ടതുണ്ട്.
നമ്മള്‍ നാട്ടില്‍ ഇതിന് മുമ്പും കിരീടം നേടിയിട്ടുണ്ട്. ടീമില്‍ തെരഞ്ഞെടുക്കപ്പെടുന്നത് ആരൊക്കെയായാലും അവര്‍ക്ക് ഈ നേട്ടം ആവര്‍ത്തിക്കാനാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
നാല് വര്‍ഷത്തിലൊരിക്കലാണ് ഏകദിന ലോകകപ്പ് വരാറുള്ളത്. അതിനാല്‍ തന്നെ ടീമിലെ താരങ്ങള്‍ക്ക് ഒരുങ്ങാന്‍ ആവശ്യത്തിന് സമയം ലഭിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
ഞങ്ങള്‍ കളിച്ചിരുന്ന കാലത്തേത് പോലെയല്ല, ഇപ്പോഴത്തെ ക്രിക്കറ്റ് താരങ്ങള്‍ വര്‍ഷത്തില്‍ പത്ത് മാസവും കളിക്കാറുണ്ട്. പരിക്കുകളില്‍ രക്ഷനേടാന്‍ സ്വന്തം ശരീരത്തില്‍ കൂടുതല്‍ ശ്രദ്ധ നേടേണ്ടതുണ്ട്. ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ ഓരോ താരത്തിനും പ്രത്യേകം ബോഡി മാനേജ്‌മെന്റ് പ്ലാനുകള്‍ ആവശ്യമായി വരും,’ കപില്‍ ദേവ് പറഞ്ഞു.
ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് ഇന്ത്യ ഏകദിന ലോകകപ്പ് നേടിയിട്ടുള്ളത്. 12 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മറ്റൊരു ലോകകപ്പാണ് രോഹിത്തും സംഘവും ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ വെച്ച് ഏകദിന ലോകകപ്പ് മാമാങ്കം അരങ്ങേറുക. കഴിഞ്ഞ തവണയും സ്വന്തം നാട്ടില്‍ വെച്ചായിരുന്നു ഇന്ത്യ ലോകകപ്പ് നേടിയത്.
Content Highlights: Kapil dev says india will win 2023 world cup