| Sunday, 19th November 2023, 6:06 pm

ബി.സി.സി.ഐ ക്ഷണിച്ചില്ല, ഫൈനല്‍ കാണാന്‍ അവരും ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി: കപില്‍ ദേവ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫൈനലിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെ ക്ഷണിച്ചില്ലെന്ന് ഇന്ത്യന്‍ ഇതിഹാസ താരവും ഇന്ത്യയെ ആദ്യമായി ലോകകപ്പ് കിരീടം ചൂടിച്ച ക്യാപ്റ്റനുമായ കപില്‍ ദേവ്. ബി.സി.സി.ഐ തന്നെ ക്ഷണിച്ചില്ലെന്നും ഇക്കാരണത്താല്‍ താന്‍ ഫൈനല്‍ കാണാന്‍ പോയില്ലെന്നുമാണ് കപില്‍ ദേവ് പറഞ്ഞത്.

ഫൈനല്‍ മത്സരം കാണാന്‍ 1983 ലോകകപ്പ് സ്‌ക്വാഡിലെ മുഴുവന്‍ ഇന്ത്യന്‍ താരങ്ങളും ഉണ്ടായിരുന്നെങ്കില്‍ ഏറെ സന്തോഷമായേനെ എന്നും കപില്‍ പറഞ്ഞു.

‘നിങ്ങള്‍ എന്നെ ക്ഷണിച്ചു, അതുകൊണ്ട് ഞാന്‍ വന്നു. അവര്‍ (ബി.സി.സി.ഐ ) എന്നെ ക്ഷണിച്ചിരുന്നില്ല, ഇക്കാരണത്താല്‍ ഞാന്‍ പോയില്ല. അത്രയേ ഉള്ളൂ. 1983 ലോകകപ്പിലെ എന്റെ ഫുള്‍ സ്‌ക്വാഡും അവിടെ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

പക്ഷേ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് പല പല ഉത്തരവാദിത്തങ്ങളും ഉണ്ട്. ചില സമയങ്ങളില്‍ ആളുകള്‍ മറന്നുപോകുന്നത് സാധാരണമാണ്,’ എ.ബി.പി ന്യൂസിനോട് കപില്‍ ദേവ് പറഞ്ഞു.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240 റണ്‍സ് എന്ന നിലയിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

പ്രതീക്ഷവെച്ച പല താരങ്ങള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയതോടെയാണ് ഇന്ത്യ 240 റണ്‍സിലൊതുങ്ങിയത്. ശുഭ്മന്‍ ഗില്‍ (ഏഴ് പന്തില്‍ മൂന്ന്), ശ്രേയസ് അയ്യര്‍ (മൂന്ന് പന്തില്‍ നാല്) എന്നിവര്‍ക്ക് സ്‌കോറിങ്ങില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല.

107 പന്തില്‍ 66 റണ്‍സ് നേടിയ കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ്‌ലി 63 പന്തില്‍ 54 റണ്‍സ് നടിയപ്പോള്‍ 31 പന്തില്‍ 47 റണ്‍സാണ് രോഹിത് നേടിയത്.

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദം സാംപയും ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

Content highlight: Kapil Dev says BCCI didn’t invite him to the ICC World Cup final

Latest Stories

We use cookies to give you the best possible experience. Learn more