| Wednesday, 8th February 2023, 6:37 pm

നിനക്കിട്ടൊന്ന് പൊട്ടിക്കണം, നീ കാരണമാണ് എല്ലാം തുലഞ്ഞത്; പന്തിനോട് കപില്‍ ദേവ്

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ റിഷബ് പന്തിന്റെ അഭാവമാണ് ഇന്ത്യന്‍ ടീമിനെ വല്ലാതെ അലട്ടുന്നത്. ഇന്ത്യന്‍ ടീം ഗാബ കീഴടക്കിയപ്പോള്‍ അതിന്റെ അമരത്ത് പന്തുണ്ടായിരുന്നു. പരിക്കിന്റെ പിടിയലകപ്പെട്ടതാണ് പന്തിനും ഇന്ത്യന്‍ ടീമിനും ഒരുപോലെ തിരിച്ചടിയായിരിക്കുന്നത്.

ഡിസംബര്‍ 30ന് സംഭവിച്ച കാറപടകമാണ് പന്തിനെ സീരീസില്‍ നിന്നും പിന്നോട്ടടിച്ചത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മാത്രമല്ല ഈ ഐ.പി.എല്ലും പന്തിന് പൂര്‍ണമായും നഷ്ടമാകും.

റിഷബ് പന്തിന്റെ അഭാവം ഇന്ത്യന്‍ ടീമിന്റെ കോമ്പിനേഷനെയും ബാധിച്ചിട്ടുണ്ട്. മധ്യനിരയില്‍ പന്തിനെ പോലെ ഒരു താരമില്ലാത്തതിനാല്‍ ഇന്ത്യ ഒടുവില്‍ സൂര്യകുമാറിനെയും ഇഷാന്‍ കിഷനെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയാണ് ആ കുറവ് പരിഹരിച്ചത്. വിക്കറ്റിന് പുറകിലും പന്തിന്റെ സേവനം ഇന്ത്യക്ക് നഷ്ടമാകും.

ടീമിന്റെ സാഹചര്യത്തില്‍ പന്തിനെ അടിക്കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ലെജന്‍ഡുമായ കപില്‍ ദേവ്. പന്ത് പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തതിന് ശേഷം പന്തിനെ അടിക്കണമെന്നും പന്തിന്റെ അപകടമാണ് ടീം കോമ്പിനേഷനെ പ്രതികൂലമായി ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കപില്‍ അണ്‍കട്ടില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

‘എനിക്കവനെ ഒരുപാട് ഇഷ്ടമാണ്. അവന്‍ വളരെ വേഗം സുഖം പ്രാപിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. അവന്‍ പൂര്‍ണമായും സുഖം പ്രാപിച്ചാല്‍ ഞാന്‍ അവനെ എന്തായാലും അടിക്കും. നീ സ്വയം ശ്രദ്ധിക്കേണ്ടേ.

നോക്കൂ, നിന്റെ പരിക്ക് ടീം കോമ്പിനേഷന്‍ മുഴുവന്‍ താറുമാറാക്കി. നിങ്ങളോട് ഒരുപാട് പേര്‍ക്ക് സ്‌നേഹവും കരുതലുമുണ്ട്. അതുകൊണ്ട് നിങ്ങള്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും.

എന്തിനാണ് ഇപ്പോഴുള്ള യുവാക്കള്‍ ഇത്തരത്തിലുള്ള തെറ്റുകള്‍ ചെയ്യുന്നത്? ആ ദേഷ്യവും എനിക്കുണ്ട്. അതിനും ഒരു അടി കിട്ടണം,’ കപില്‍ ദേവ് പറഞ്ഞു.

അതേസമയം, ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി ഒമ്പതിന് നടക്കും. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദിയാകുന്നത്.

നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മികച്ച വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. നിലവിലെ ട്രോഫി ഹോള്‍ഡേഴ്‌സായ ഇന്ത്യക്ക് കിരീടം നിലനിര്‍ത്തുക എന്നതുമാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുക എന്ന ലക്ഷ്യവുമുണ്ട്.

പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് ഡബ്ല്യൂ.ടി.സിയുടെ ഫൈനല്‍ കളിക്കാന്‍ സാധിക്കുക. നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ഫൈനലിന് യോഗ്യത നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യക്ക് വന്‍മാര്‍ജിനിലുള്ള വിജയം അനിവാര്യമാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് സ്റ്റാന്‍ഡിങ്സില്‍ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്കും ഫൈനല്‍ കളിക്കാന്‍ സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്. നിലവില്‍ 58.93 വിജയശതമാനമായിട്ടാണ്. ഇന്ത്യ രണ്ടാമത് തുടരുന്നത്. മൂന്നാം സ്ഥാനത്തുള്ള ലങ്കക്ക് 53.33 ശതമാനമാണ് വിജയമുള്ളത്.

Content Highlight: Kapil Dev sasys he wants to slap Rishabh Pant after his recovery

We use cookies to give you the best possible experience. Learn more