Advertisement
'ചില രാഷ്ട്രീയക്കാരുടെ പ്രഭാവം നഷ്ടപ്പെടുമെന്നതിനാൽ കപിൽ ദേവിനെ ലോകകപ്പ് ഫൈനലിൽ മനപൂർവം ക്ഷണിച്ചില്ല'
national news
'ചില രാഷ്ട്രീയക്കാരുടെ പ്രഭാവം നഷ്ടപ്പെടുമെന്നതിനാൽ കപിൽ ദേവിനെ ലോകകപ്പ് ഫൈനലിൽ മനപൂർവം ക്ഷണിച്ചില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 20, 05:20 pm
Monday, 20th November 2023, 10:50 pm

മുംബൈ: അഹമ്മദാബാദിൽ നടന്ന ക്രിക്കറ്റ്‌ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനായ കപിൽ ദേവിനെ ക്ഷണിക്കാത്തത് മനപൂർവമാണെന്ന ആരോപണവുമായി ശിവസേന (യു.ബി.ടി) നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ്‌ റാവത്ത്.

മത്സരം കാണാൻ വേദിയിലെത്തിയ ചില രാഷ്ട്രീയക്കാരുടെ തിളക്കം കപിൽ ദേവ് അപഹരിക്കാതിരിക്കാനാണ് അദ്ദേഹത്തെ ക്ഷണിക്കാത്തത് എന്നായിരുന്നു സഞ്ജയ്‌ റാവത്തിന്റെ ആരോപണം.

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വിജയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ ബി.ജെ.പി പദ്ധതിയിട്ടിരുന്നുവെന്നും ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടതിനാൽ ആ പദ്ധതി പൊളിഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഇന്ത്യ ആദ്യമായി ക്രിക്കറ്റ്‌ ലോകകപ്പ് നേടിയപ്പോൾ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു കപിൽ ദേവ്. നമുക്ക് വലിയ ടൂർണമെന്റുകൾ നേടാൻ സാധിക്കുമെന്ന ആത്മവിശ്വാസം നമ്മളിൽ ജനിപ്പിച്ചത് അദ്ദേഹമാണ്.

കപിൽ ദേവ് ക്ഷണിക്കപ്പെട്ടിരുന്നെങ്കിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിലുണ്ടായിരുന്ന ചില രാഷ്ട്രീയക്കാരുടെ പ്രഭാവലയത്തെ അദ്ദേഹത്തിന്റെ സാന്നിധ്യം മറയ്ക്കുമായിരുന്നു,’ റാവത്ത് പറഞ്ഞു.

തന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ് ഫൈനൽ മത്സരം കാണാൻ വരാതിരുന്നത് എന്ന് കപിൽ ദേവ് പറഞ്ഞിരുന്നു.

മുൻ വർഷങ്ങളിലെ കിരീട ജേതാക്കളായ ടീമുകളുടെ ക്യാപ്റ്റന്മാരെ മത്സരം കാണാൻ ക്ഷണിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എത്തിയിരുന്നു.

പ്രധാന ടൂർണമെന്റുകളുടെ ഫൈനൽ മത്സരങ്ങൾ ക്രിക്കറ്റ്‌ താരങ്ങളുടെ ഐതിഹാസിക വേദികളായ ദൽഹിയിലോ മുംബൈയിലോ ആയിരുന്നു നേരത്തെ നടത്തിയിരുന്നത് എന്നും റാവത്ത് പറഞ്ഞു.

‘ക്രിക്കറ്റ് ലോകത്തിലേക്ക് നുഴഞ്ഞുകയറിയ ഒരു സംസ്ഥാനത്തെ ലോബി ആദ്യം സർദാർ വല്ലഭായി പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയം നരേന്ദ്രമോദി സ്റ്റേഡിയം എന്നാക്കി മാറ്റി.

ഇന്ത്യൻ ക്രിക്കറ്റ് ടീം ഫൈനൽ മാച്ച് വിജയിച്ചിരുന്നെങ്കിൽ അതിന്റെ ഫലം കൊയ്യാനും ബി.ജെ.പി ലക്ഷ്യമിട്ടു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം ബി.ജെ.പിയും ഓസ്ട്രേലിയൻ ടീമും തമ്മിലുള്ളതാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഉണ്ടായി. എന്നാൽ മത്സരത്തിൽ അവർ പരാജയപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.

Content Highlight: Kapil Dev purposefully not invited for WC final says Sanjay Raut