| Monday, 9th January 2023, 12:45 pm

വിവ് റിച്ചാര്‍ഡ്‌സെ പാത്തിറിക്കെ സച്ചിനെ പാത്തിറിക്കെ കോഹ്‌ലിയെ പാത്തിറിക്കെ ആനാല്‍ അവനെ മാതിരി ഒരു ബാറ്ററെ പാത്തതേയില്ലേ; സൂപ്പര്‍ താരത്തെ പുകഴ്ത്തി കപില്‍ ദേവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ലെജന്‍ഡുമായ കപില്‍ ദേവ്. വിവ് റിച്ചാര്‍ഡ്‌സും സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോഹ്‌ലിയുമടങ്ങുന്ന താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബാറ്ററാണ് സൂര്യകുമാര്‍ എന്നായിരുന്നു കപില്‍ ദേവ് അഭിപ്രായപ്പെട്ടത്.

എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഹീറോ സൂര്യകുമാറിനെ പ്രശംസകൊണ്ട് മൂടിയത്.

‘അവന്റെ ബാറ്റിങ്ങിനെ വര്‍ണിക്കാന്‍ എനിക്ക് വാക്കുകള്‍ പോരാതെ വരികയാണ്. ഞാന്‍ വിരാട് കോഹ്‌ലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവി റിച്ചാര്‍ഡ്‌സ്, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങളെയെല്ലാം കണ്ടിട്ടുണ്ട്. സൂര്യകുമാറും ആ നിരയിലേക്ക് വളര്‍ന്നുവന്നിരിക്കുകയാണ്.

അവിശ്വസനീയമായ ഷോട്ടുകളാണ് അവന്‍ കളിക്കുന്നത്. ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും അവന് പന്തടിച്ചുപറത്താന്‍ സാധിക്കും. വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രമേ അവനെ പോലെ കളിക്കാന്‍ സാധിക്കൂ. ഹാറ്റ്‌സ് ഓഫ് റ്റു ഹിം. അവന്‍ ഒരു നൂറ്റാണ്ടിന്റെ ക്രിക്കറ്ററാണ്,’ കപില്‍ ദേവ് പറഞ്ഞു.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് കത്തിക്കയറിയിരുന്നു. സെഞ്ച്വറിയടിച്ചായിരുന്നു സ്‌കൈ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

ഒന്നോ രണ്ടോ മത്സരങ്ങളില്‍ കാലിടറിയപ്പോള്‍ തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്.

തന്റെ കരിയറിലെ മൂന്നാം അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയായിരുന്നു രാജ്കോട്ടില്‍ സൂര്യ നേടിയത്.

പരമ്പരയിലെ മൂന്നാം ടി-20യില്‍ 51 പന്തില്‍ നിന്നും 112 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏഴ് ബൗണ്ടറിയും ഒമ്പത് സിക്സറുമായി 219.61 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു സ്‌കൈ റണ്ണടിച്ചുകൂട്ടിയത്.

ഇതോടെ നിരവധി റെക്കോഡുകളും സ്‌കൈ സ്വന്തമാക്കിയിരുന്നു. 200+ സ്ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടുന്ന താരം, സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടുന്ന നോണ്‍ ഓപ്പണര്‍, ഒരു ടി-20 ഇന്നിങ്സില്‍ ഏറ്റവുമധികം സിക്സര്‍ നേടുന്ന നോണ്‍ ഓപ്പണര്‍ തുടങ്ങിയ റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്.

Content Highlight: Kapil Dev praises Suryakumar Yadav

We use cookies to give you the best possible experience. Learn more