| Monday, 23rd January 2023, 1:16 pm

വിരാടോ സച്ചേിനോ മികച്ചത്? സര്‍പ്രൈസ് ഉത്തരവുമായി കപില്‍ ദേവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ ഡിഫൈന്‍ ചെയ്ത രണ്ട് താരങ്ങളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോഹ്‌ലിയും. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയെടുത്താല്‍ ഇവര്‍ രണ്ട് പേരും മുന്‍പന്തിയിലുണ്ടാകും.

അപ്രാപ്യമെന്ന് തോന്നുന്ന പല റെക്കോഡ് നേട്ടങ്ങളും സ്വന്തമാക്കി സച്ചിന്‍ പാഡഴിച്ചപ്പോള്‍, അദ്ദേഹം സൃഷ്ടിച്ച നേട്ടങ്ങള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ടാണ് വിരാട് കോഹ്‌ലി സച്ചിന്റെ പിന്‍ഗാമി താന്‍ തന്നെയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത്.

വിരാടിന്റെ ഈ പ്രകടനത്തിന് പിന്നാലെ ഇരുവരിലും മികച്ച താരം ആര് എന്ന ഡിബേറ്റ് ഇതിനോടകം തന്നെ ഉടലെടുത്തു കഴിഞ്ഞിട്ടുണ്ട്. സച്ചിനാണോ വിരാട് കോഹ്‌ലിയാണോ മികച്ച താരമെന്നുള്ളതില്‍ പലരും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ട്.

ഈ തര്‍ക്കത്തില്‍ താന്‍ ആര്‍ക്കൊപ്പമാണെന്ന് പറയുകയാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റനും 1983 ലോകകപ്പ് ഹീറോയുമായ കപില്‍ ദേവ്. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടക്കായിരുന്നു താരത്തിന്റെ പരാമര്‍ശം.

‘ഇത് പതിനൊന്ന് പേരടങ്ങുന്ന ഒരു ടീമാണ്. അത്രത്തോളം കാലിബറുള്ള കളിക്കാരന്‍ എന്ന നിലയില്‍ ഒന്നോ രണ്ടോ താരങ്ങളെ മാത്രം തെരഞ്ഞെടുക്കാന്‍ കഴിയില്ല. എനിക്ക് ചിലപ്പോള്‍ എന്റേതായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ, ഓരോ ജനറേഷന്‍ കഴിയുമ്പോളും ടീം മികച്ചതായിക്കൊണ്ടിരിക്കും.

എന്റെ കാലത്ത് സുനില്‍ ഗവാസ്‌കറായിരുന്നു ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍. അതിന് ശേഷം രാഹുല്‍ ദ്രാവിഡും സച്ചിനും വിരേന്ദര്‍ സേവാഗുമെല്ലാം വന്നു. ഈ ജെനറേഷനില്‍ രോഹിത്തും വിരാടുമാണത്, അടുത്ത ജെനറേഷന്‍ ഇനിയും മെച്ചപ്പെടും. നിങ്ങള്‍ക്ക് മികച്ച ക്രിക്കറ്ററെയും പെര്‍ഫോമിങ് ബാറ്ററെയും കാണാന്‍ സാധിക്കും,’ കപില്‍ ദേവ് പറഞ്ഞു.

2023 ലോകകപ്പ് വിജയിക്കാന്‍ ഇന്ത്യക്ക് കെല്‍പ്പുണ്ടെന്നും എന്നാല്‍ ഭാഗ്യമടക്കമുള്ള നിരവധി ഘടകങ്ങള്‍ തുണച്ചാല്‍ മാത്രമേ ഏതൊരു ടീമിനും ലോകകപ്പ് നേടാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

‘അതെ, നമുക്ക് മികച്ച ഒരു ടീമുണ്ട്, എന്നാല്‍ ലോകകപ്പ് നേടാന്‍ പ്രാപ്തിയുള്ള മറ്റ് പല ടീമുകളുമുണ്ട്. ലോകകപ്പ് നേടാന്‍ ഒരിത്തിരി ഭാഗ്യവും ശരിയായ കോമ്പിനേഷനും ആവശ്യമാണ്, ഇതിനേക്കാളുപരി പ്രധാന താരങ്ങളെല്ലാം ഫിറ്റായി ഇരിക്കുകയും വേണം, ഇതാണ് ഏറ്റവും വലിയ കാര്യം,’ കപില്‍ ദേവ് പറഞ്ഞു.

വിരാട് കോഹ്‌ലി-സച്ചിന്‍ ഡിബേറ്റില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് തന്റെ അഭിപ്രായം പറഞ്ഞിരുന്നു. സച്ചിനേക്കാള്‍ മികച്ച താരമായി തനിക്ക് തോന്നിയിട്ടുള്ളത് വിരാടിനെ ആണെന്നാണ് കമ്മിന്‍സ് പറയുന്നത്. അതിന് കമ്മിന്‍സ് പറയുന്ന കാരണവും രസകരമാണ്.

സച്ചിനുമൊത്ത് അധികം മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ വിരാടാണ് മികച്ചവന്‍ എന്നാണ് തന്റെ അഭിപ്രായമെന്നുമാണ് കമ്മിന്‍സ് പറയുന്നത്.

‘സച്ചിനുമൊത്ത് ഒറ്റ മത്സരം മാത്രമേ എനിക്ക് കളിക്കാന്‍ സാധിച്ചിട്ടുള്ളൂ, അതുകൊണ്ട് കോഹ്‌ലിയാണ് മികച്ചവന്‍ എന്ന് ഞാന്‍ പറയും,’ കമ്മിന്‍സ് പറഞ്ഞു.

Content highlight: Kapil Dev on Sachin Tendulkar vs Virat Kohli debate

We use cookies to give you the best possible experience. Learn more