അര്‍ജുന പുരസ്‌കാരം ലഭിച്ചത് കേരളത്തിനുളള അംഗീകാരം: കപില്‍ ദേവ്
Daily News
അര്‍ജുന പുരസ്‌കാരം ലഭിച്ചത് കേരളത്തിനുളള അംഗീകാരം: കപില്‍ ദേവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th August 2014, 2:20 pm

kapil[] ന്യൂദല്‍ഹി: അഞ്ച് മലയാളികള്‍ക്ക് അര്‍ജുന പുരസ്‌കാരം ലഭിച്ചത് കേരളത്തിനുളള അംഗീകാരമാണെന്ന് പുരസ്‌കാര നിര്‍ണയസമിതി അധ്യക്ഷന്‍ കപില്‍ ദേവ്. കൂടുതല്‍ കായിക താരങ്ങളെ വളര്‍ത്തികൊണ്ടുവരുന്ന കേരളത്തെ ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കായികമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അര്‍ജുന പുരസ്‌കാരങ്ങളുടെ ശുപാര്‍ശ പുനരാലോചിക്കാന്‍ കൂടിയ ജൂറിയുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കപില്‍.

ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് ശുപാര്‍ശ പട്ടികയില്‍ മാറ്റമില്ല. കായിക മന്ത്രാലയത്തിന് അയച്ച ശുപാര്‍ശ പട്ടിക അന്തിമമാണെന്നും അര്‍ജുന അവാര്‍ഡിന്റെ പേരില്‍ പ്രാദേശിക വാദങ്ങള്‍ ഉന്നയിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കപില്‍ ദേവ് വ്യക്തമാക്കി.

അഞ്ച് മലയാളി താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരം നല്‍കുന്നതിനെ ഹോക്കി ഫെഡറേഷന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വീണ്ടും ജൂറിയുടെ യോഗം ചേരാന്‍ കായികമന്ത്രാലയം നിര്‍ദേശം നല്‍കിയത്.

എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ചല്ല അവാര്‍ഡ് നല്‍കുന്നതെന്നും താരങ്ങളുടെ മികച്ച പ്രകടനമാണ് പരിഗണിക്കുന്നതെന്നും സമിതി വിശദീകരിച്ചു.

വോളിബോള്‍ താരം ടോം ജോസഫ്, അത്‌ലറ്റ് ടിന്റു ലൂക്ക, ബാസ്‌കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ്, തുഴച്ചില്‍ താരം സജി തോമസ്, ബാഡ്മിന്റന്‍ താരം വി. ദിജു എന്നിവരാണ് അര്‍ജുന പുരസ്‌കാരത്തിനായി കേന്ദ്ര കായിക മന്ത്രാലയം ശുപാര്‍ശ ചെയ്ത മലയാളികള്‍.