| Sunday, 9th October 2022, 3:44 pm

എന്ത് കാര്യത്തിനാണ് ഡിപ്രഷന്‍ ഉണ്ടാവുന്നത്, ക്രിക്കറ്റ് ഇഷ്ടമല്ല, അതുതന്നെ കാരണം; പരാമര്‍ശവുമായി കപില്‍ ദേവ്; പരിഹാസം വിരാടിനെയടക്കം ലക്ഷ്യം വെച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

മോഡേണ്‍ ഡേ ക്രിക്കറ്റില്‍ താരങ്ങളുടെ മാനസികാരോഗ്യത്തെ കുറിച്ച് പരാമര്‍ശം നടത്തി ക്രിക്കറ്റ് ലെജന്‍ഡ് കപില്‍ ദേവ്. ഡിപ്രഷന്‍ എന്താണെന്ന് തനിക്ക് അറിയില്ലെന്നും ക്രിക്കറ്റ് ഇഷ്ടമില്ലാത്തതിനാലാണ് അവര്‍ ഇത്തരം കാരണങ്ങള്‍ പറയുന്നതെന്നുമായിരുന്നു കപിലിന്റെ മറുപടി.

ഇത്തരത്തില്‍ മാനസിക പ്രശ്‌നങ്ങളോ പിരിമുറുക്കങ്ങളോ അനുഭവിക്കുന്നുണ്ടെങ്കില്‍ ഐ.പി.എല്ലില്‍ കളിക്കാതിരിക്കാനും കപില്‍ നിര്‍ദേശിച്ചു.

ഇത്തരത്തിലുള്ള ലീഗ് മത്സരങ്ങള്‍ കളിക്കുന്ന താരങ്ങള്‍ പ്രഷര്‍, ഡിപ്രഷന്‍ എന്നിവ ഉണ്ടാകുമെന്ന് താന്‍ ഒരുപാട് കേട്ടിട്ടുണ്ടെന്നും കപില്‍ ദേവ് പറഞ്ഞു.

‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ താരങ്ങളുടെ മേല്‍ ഒരുപാട് സമ്മര്‍ദങ്ങളുണ്ടെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. നിങ്ങള്‍ക്ക് അങ്ങനെ സമ്മര്‍ദ്ദമുണ്ടെങ്കില്‍ ഐ.പി.എല്‍ കളിക്കാന്‍ നില്‍ക്കരുത്,’ കപില്‍ ദേവ് പറയുന്നു.

ക്രിക്കറ്റിനോടുള്ള അഭിനിവേശമില്ലാത്തതിനാലാണ് ഇത്തരത്തില്‍ പ്രഷര്‍, ഡിപ്രഷന്‍ എന്നൊക്കെ പറയുന്നതെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

‘ഒരു താരത്തിന് ക്രിക്കറ്റിനോട് അടങ്ങാത്ത അഭിനിവേശമുണ്ടെങ്കില്‍ അവര്‍ക്ക് ഒരു സമ്മര്‍ദവും ഉണ്ടാവില്ല. ഈ ഡിപ്രഷന്‍ പോലുള്ള അമേരിക്കന്‍ വാക്കുകളൊന്നും എനിക്ക് മനസിലാവില്ല.

ഞാനൊരു കര്‍ഷകനാണ്. സ്‌പോര്‍ട്‌സ് ഇഷ്ടമായതുകൊണ്ടാണ് ഞങ്ങള്‍ കളിക്കുന്നത്. നിങ്ങള്‍ ആസ്വദിച്ചാണ് ക്രിക്കറ്റ് കളിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള സമ്മര്‍ദവും ഉണ്ടാകാന്‍ പോവുന്നില്ല,’ കപില്‍ ദേവ് പറഞ്ഞു.

നേരത്തെ വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങള്‍ തങ്ങളുടെ മാനസികാരോഗ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. നിരന്തരമായി മത്സരങ്ങള്‍ കളിക്കുന്നതും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതും താരങ്ങളെ സമ്മര്‍ദത്തിന് അടിമയാക്കാറുണ്ടായിരുന്നു.

കരിയറില്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ അതിനെ മറികടക്കാന്‍ വിരാട് കോഹ്‌ലി അല്‍പനാള്‍ ക്രിക്കറ്റില്‍ നിന്നും വിശ്രമമെടുത്തിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം താരം ലണ്ടനില്‍ കുറച്ചുനാളുകള്‍ താമസിക്കുകയായിരുന്നു.

ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ വിരാട് ടി-20 ഫോര്‍മാറ്റില്‍ തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു പുറത്തെടുത്തത്. മൂന്ന് വര്‍ഷം നീണ്ടുനിന്ന സെഞ്ച്വറി വരള്‍ച്ചക്ക് വിരാമിട്ടതും ഫോമിലേക്ക് മടങ്ങിയെത്തിയതും ഈ അവധിക്കാലത്തിന് ശേഷമായിരുന്നു.

Content Highlight: Kapil Dev about the mental health of cricketers

We use cookies to give you the best possible experience. Learn more