| Saturday, 21st January 2023, 9:43 pm

രാഹുലും ധവാനും കൂടെ ഓടുന്നുണ്ട്, പക്ഷെ ഇന്ത്യന്‍ ക്യാപ്റ്റനാകാനുള്ള റേസില്‍ മുന്നില്‍ അവന്‍ തന്നെ: കപില്‍ ദേവ്

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് വീണ്ടും ചൂടേറിയ ചര്‍ച്ചയുണ്ടാകാനാണ് സാധ്യത. നിലവില്‍ ടി-20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുള്ള ഹാര്‍ദിക് പാണ്ഡ്യക്ക് തന്നെയാണ് ഏകദിന ക്യാപ്റ്റന്‍സിയിലും മുന്‍തൂക്കം.

നിലവിലെ ക്യാപ്റ്റനായ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സാധ്യതകള്‍ പിന്നെയും വര്‍ധിക്കുകയാണ്.

ഫിറ്റ്നെസില്‍ മികച്ച ശ്രദ്ധ വെച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും ഇടക്കിടെ പരിക്കിന്റെ പിടിയിലാകുന്നതാണ് ഹാര്‍ദിക് നേരിടുന്ന വെല്ലുവിളി. എന്നാല്‍ അതിനെയെല്ലാം കവച്ചുവെക്കാന്‍ കഴിയുന്ന നേട്ടങ്ങളാണ് അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് ടി-20യില്‍ ഇന്ത്യക്കായി സമ്മാനിച്ചിട്ടുള്ളത്.

മൂന്ന് ടി-20 സീരിസുകള്‍ ഹാര്‍ദിക് നേടിക്കഴിഞ്ഞു. അയര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകളായി മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടാണ് ഇന്ത്യ ആ വിജയങ്ങള്‍ സ്വന്തമാക്കിയത്.

ഇതെല്ലാം മുന്‍നിര്‍ത്തികൊണ്ട് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി ഹാര്‍ദിക്കിനെ പരിഗണിക്കാന്‍ ബി.സി.സി.ഐ ആലോചിക്കുന്നുണ്ടെങ്കില്‍ ചിലത് ശ്രദ്ധിക്കണമെന്നാണ് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് പറയുന്നത്.

നീണ്ട കാലത്തേക്ക് തന്നെ ഹാര്‍ദിക്കിനെ ഈ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നും ചില പരാജയങ്ങള്‍ സംഭവിച്ചാലും താരത്തെ സ്ഥാനത്ത് നിന്നും മാറ്റരുതെന്നുമാണ് കപില്‍ ദേവ് പറയുന്നത്.

‘ഒരു സീരിസ് തോറ്റാല്‍, അതിന്റെ പേരില്‍ അവനെ സ്ഥാനത്ത് നിന്നും നീക്കരുത്. അങ്ങനെയല്ല നമ്മള്‍ ക്യാപ്റ്റന്‍സിയെ കൈകാര്യം ചെയ്യേണ്ടത്. സീരിസിന്റെ വിജയങ്ങള്‍ മാത്രം വെച്ച് കാര്യങ്ങള്‍ നിശ്ചയിക്കാതെ, നീണ്ട കാലത്തേക്ക് എന്ന് തീരുമാനിച്ച് തന്നെ വേണം ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കാന്‍.

ക്യാപ്റ്റനാകാനുള്ള ഓട്ടത്തില്‍ രാഹുലും ധവാനുമെല്ലാമുണ്ടാകാം, പക്ഷെ അവരുടെ ബാറ്റിങ് നിലവില്‍ വളര മോശമായതുകൊണ്ട് ഹാര്‍ദിക് തന്നെയാണ് ആ ഓട്ടത്തില്‍ മുന്നിലുള്ളത്,’ കപില്‍ ദേവ് പറഞ്ഞു.

ആദ്യമായി ക്യാപ്റ്റനായ 2022ല്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിന് കിരിടം നേടിക്കൊടുക്കാനും ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലും മികച്ച പ്രകടനമാണ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പുറത്തെടുക്കുന്നത്.

Content Highlight: Kapil Dev about making Hardik Pandya Indian ODI Captain

We use cookies to give you the best possible experience. Learn more