| Thursday, 20th October 2022, 1:34 pm

ഇന്ത്യയോ? ലോകകപ്പോ? സെമിയില്‍ പോലും എത്തില്ല; തുറന്നടിച്ച് കപില്‍ ദേവ്

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ടി-20 ലോകകപ്പിനെ ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഏഷ്യാ കപ്പിലെ തോല്‍വി മറക്കാനും, അടുത്ത വര്‍ഷം ഇന്ത്യ ആതിഥേയരാകുന്ന 50 ഓവര്‍ ലോകകപ്പിന് മുമ്പ് മൊമെന്റം സ്വന്തമാക്കാനും തന്നെയാവും ഇന്ത്യ ഒരുങ്ങുന്നത്.

ടീം സെലക്ഷനില്‍ കാര്യമായ പാളിച്ചകള്‍ വന്നിട്ടുണ്ടെങ്കിലും അത് മറികടക്കാം എന്ന ആത്മവിശ്വാസമാണ് ഇന്ത്യക്കുള്ളത്. വെല്‍ ബാലന്‍സ്ഡ് എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും താരതമ്യേന സ്റ്റേബിളാണ് ഇന്ത്യന്‍ സ്‌ക്വാഡ്.

ഈ സ്‌ക്വാഡില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കുമെന്നാണ് പല താരങ്ങളും പറഞ്ഞിരുന്നത്. ഇന്ത്യന്‍ ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമെല്ലാം ലോകകപ്പില്‍ ഇന്ത്യക്ക് കല്‍പിക്കുന്ന സാധ്യതകള്‍ ഏറെ വലുതാണ്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ നിലപാടാണ് മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോയുമായ കപില്‍ ദേവിനുള്ളത്.

ലോകകപ്പില്‍ ഇന്ത്യക്ക് അത്രയൊന്നും സാധ്യത കല്‍പിക്കാനാവില്ലെന്നും അവസാന നാലില്‍ കയറിക്കൂടിയാല്‍ മാത്രമേ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് സംസാരിക്കാനാവൂ എന്നുമാണ് കപില്‍ പാജിയുടെ അഭിപ്രായം.

ലഖ്‌നൗവില്‍ വെച്ച നടന്ന ഒരു പ്രമോഷന്‍ ഇവന്റിനിടെയാണ് കപില്‍ ദേവ് ഇക്കാര്യം പറഞ്ഞത്.

‘ഇത് ടി-20 മത്സരമാണ്. ഒരു മത്സരത്തില്‍ ജയിക്കുന്ന ടീം അടുത്ത മത്സരത്തില്‍ തോറ്റേക്കാം. നിലവില്‍ ഇന്ത്യ ലോകകപ്പ് നേടുന്നതിനെ കുറിച്ചുള്ള സാധ്യതകളെ കുറിച്ച് സംസാരിക്കുന്നത് തന്നെ വളരെ പ്രയാസമേറിയ കാര്യമാണ്.

ഇന്ത്യക്ക് അവസാന നാലില്‍ കയറിപ്പറ്റാന്‍ സാധിക്കുമോ എന്നതാണ് പ്രധാന പ്രശ്‌നം. ഇക്കാര്യത്തില്‍ എനിക്ക് കാര്യമായ ആശങ്കയുണ്ട്. അവസാന നാലില്‍ ഇടം നേടാന്‍ സാധിച്ചാല്‍ മാത്രമേ സാധ്യതകളെ കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കൂ.

എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിക്കാനുള്ള സാധ്യത 30 ശതമാനം മാത്രമാണ്,’ കപില്‍ ദേവ് പറയുന്നു.

ഒക്ടോബര്‍ 23 ഞായറാഴ്ചയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് എതിരാളികള്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ഒരു വര്‍ഷം മുമ്പുള്ള തോല്‍വിക്ക് റീമാച്ചിനായി ഇന്ത്യ ഇറങ്ങുന്നത്.

എന്നാല്‍ ഈ മത്സരം തന്നെ നടക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. ഓസ്‌ട്രേലിയ മെറ്ററോളജി ഡിപ്പാര്‍ട്‌മെന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഞായറാഴ്ചത്തെ കളി മഴ കൊണ്ടുപോകും. 80 ശതമാനവും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ലോകകപ്പിന് മുമ്പ് മൂന്ന് സന്നാഹ മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയോട് ഒരു മത്സരത്തില്‍ തോല്‍ക്കുകയും മറ്റൊന്നില്‍ ജയിക്കുകയും ചെയ്തപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി.

ന്യൂസിലാന്‍ഡിനെതിരെ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

Content highlight: Kapil Dev about India’s chances in T20 World Cup

We use cookies to give you the best possible experience. Learn more