|

ലോസ് ആഞ്ചലസില്‍ നാസി ചിഹ്നമുള്ള ടീഷര്‍ട്ട് ധരിച്ച് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് കാന്യെ വെസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോസ് ആഞ്ചലസ്: നിരോധിത നാസി ചിഹ്നം ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് ലോസ് ആഞ്ചലസില്‍ സഞ്ചരിച്ച അമേരിക്കന്‍ റാപ്പര്‍ കാന്യെ വെസ്റ്റിനെതിരെ വിമര്‍ശനം. തന്റെ തന്നെ ബ്രാന്‍ഡിന്റെ ടീ ഷര്‍ട്ട് ധരിച്ചായിരുന്നു കാന്യെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ഈ സംഭവത്തെക്കുറിച്ച് അദ്ദേഹം തന്നെ എക്‌സില്‍ കുറിച്ചിരുന്നു. ‘ഒരു സ്വാസ്തിക് ചിഹ്നമുള്ള ടീ ഷര്‍ട്ട് ധരിച്ച് കറങ്ങി നടക്കുക എന്നത് എന്റെ ഒരു സ്വപ്‌നമായിരുന്നു. ഈ ഡിസൈന്‍ കലയുടെ ഏറ്റവും മികച്ചൊരു ഉദാഹരണമാണ്. ഇത് നിര്‍മിക്കുക എന്നത് എന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു,’ കാന്യെയുടെ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ആക്കി.

ഏകദേശം 20 ഡോളറാണ് ഈ ടീഷര്‍ട്ടിന്റെ വില. അടുത്തിടെ തന്റെ ബ്രാന്‍ഡായ യീസിയുടെ ഈ ടീ ഷര്‍ട്ട് വെബ്‌സൈറ്റ് വഴി വില്‍പ്പനയ്ക്ക് വെച്ചതിനെത്തുടര്‍ന്ന് ഇ-കൊമേഴ്‌സ് ബ്രാന്‍ഡായ ഷോപ്പിഫൈ കാന്യെ വെസ്റ്റിന്റെ ബ്രാന്‍ഡായ യീസിയെ നിരോധിച്ചിരുന്നു. സേവന നിബന്ധനകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുനനു ഷോപ്പിഫൈയുടെ നടപടി.

ഇത് കാന്യെ വെസ്റ്റിന് വലിയ തിരിച്ചടിയായി. ഇതോടെ റാപ്പറുടെ ഫാഷന്‍ വെബ്സൈറ്റ് ഓഫ്ലൈനായി മാറുകയും അദ്ദേഹത്തിന്റെ ടാലന്റ് ഏജന്‍സി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.

ഇതാദ്യമായല്ല കാന്യെ തന്റെ നാസി അനുഭാവം പരസ്യമായി പ്രകടിപ്പിക്കുന്നത്. 2022 ഒക്ടോബറില്‍ ഇന്‍ഫോവാഴ്സിലെ ഒരു അഭിമുഖത്തിനിടെ അഡോള്‍ഫ് ഹിറ്റ്ലറെ പ്രശംസിക്കുകയും ഹോളോകോസ്റ്റിനെ നിഷേധിക്കുകയും ചെയ്തതിന് അഡിഡാസ് അഡിഡാസ് കാന്യെയുമായുള്ള കരാര്‍ അവസാനിപ്പിരുന്നു. രണ്ട് മാസത്തിന് ശേഷം, അലക്സ് ജോണ്‍സുമായുള്ള മറ്റൊരു ഇന്‍ഫോവാര്‍സ് അഭിമുഖത്തിനിടെ താന്‍ ഒരു നാസിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നീട് അമിതമായി മദ്യപിച്ചതിന്റെ പേരിലാണ് താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന പറഞ്ഞ് കാന്യെ ഇത് തിരുത്തി.

അതിനുശേഷം കൂടുതല്‍ കമ്പനികളും സ്‌പോണ്‍സര്‍മാരും കാന്യെയില്‍ നിന്ന് അകന്നു. 2023 ഡിസംബറില്‍ യീസിയുടെ ഡിസൈന്‍ മേധാവിയായി നിയമിക്കപ്പെട്ട റഷ്യന്‍ ഡിസൈനര്‍ ഗോഷ റൂബ്ചിന്‍സ്‌കി ഈ സംഭവങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ മാസം ബ്രാന്‍ഡുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു. വെസ്റ്റിന്റെ പ്രസ്താവനകളെക്കുറിച്ച് റൂബ്ചിന്‍സ്‌കി പരസ്യമായി അഭിപ്രായം പറഞ്ഞില്ലെങ്കിലും, റാപ്പര്‍ നിരവധി സെമിറ്റിക് വിരുദ്ധ പ്രസ്താവനകള്‍ പോസ്റ്റ് ചെയ്യുകയും, സ്വയം ഒരു നാസിയാണെന്ന് പ്രഖ്യാപിക്കുകയും അഡോള്‍ഫ് ഹിറ്റ്ലറിനോടുള്ള തന്റെ ആരാധന പ്രകടിപ്പിക്കുകയും ചെയ്തതിന് ശേഷമായിരുന്നു പിന്മാറ്റം.

24 തവണ ഗ്രാമി അവാര്‍ഡ് ജേതാവായ കാന്യെ നിരന്തരം വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. അടുത്തിടെ ഗ്രാമി പുരസ്‌കാര വേദിയില്‍വെച്ച് ഭാര്യയെക്കൊണ്ട് നഗ്നതാ പ്രദര്‍ശനം നടത്തിയത് ഏറെ വിവാദമായിരുന്നു.

Content Highlight: Kanye West makes a public appearance in Los Angeles wearing a Nazi t-shirt

Video Stories