കന്യാകുമാരിയില്‍ രാഹുലിന് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം
Kerala News
കന്യാകുമാരിയില്‍ രാഹുലിന് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st March 2021, 8:40 pm

ചെന്നൈ: കന്യാകുമാരിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടലില്‍ പോകുന്നത് വിലക്കി ജില്ലാ ഭരണകൂടം. കന്യാകുമാരിയിലെ തേങ്ങാപട്ടണത്താണ് സംഭവം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മൂന്ന് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് ഒന്നിന് കന്യാകുമാരിയില്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. സന്ദര്‍ശനത്തിന്റെ ഭാഗമായി തേങ്ങാപട്ടണത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ കടലിലേക്ക് പോകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

എന്നാല്‍ ജില്ലാ ഭരണകൂടം ഇത് തടയുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് വിലക്കെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നേരത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊല്ലം വാടി കടപ്പുറത്ത് എത്തിയ രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയിരുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ കടലിലേക്ക് എടുത്തുചാടിയതും വാര്‍ത്തയായിരുന്നു.

പ്രചാരണത്തിന്റെ ഭാഗമായി നേരത്ത തമിഴ്‌നാട്ടിലെ മുളഗുമൂട് സ്‌കൂളിലും രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം രാഹുല്‍ നടത്തിയ പുഷ് അപ് ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

പുഷ് അപ്പിനൊപ്പം ‘ഐക്കിഡോ’ എന്ന ആയോധനകലയും രാഹുല്‍ കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെത്തിയ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kanyakumari District Body Banned Rahul Gandhi Going Sea Shore