ലഖ്‌നൗ: ഭക്ഷണത്തിൽ ഉള്ളി കണ്ടെന്നാരോപിച്ച് ഹോട്ടൽ തല്ലിതകർത്ത് കൻവാർ തീർത്ഥാടകർ. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് ഭക്ഷണത്തിൽ ഉള്ളി കഷ്ണങ്ങൾ കണ്ടെന്നാരോപിച്ച് ഹോട്ടൽ തകർത്തത്. മുസാഫർനഗർ ജില്ലയിലെ സിസൗന ബ്ലോക്കിൽ ദൽഹി-ഹരിദ്വാർ ഹൈവേയിലെ ‘തൗ ഹുക്കേവാല ഹരിയാൻവി ടൂറിസ്റ്റ് ധാബ’ യാണ് തീർത്ഥാടകർ തകർത്തത്.
കൻവാർ യാത്രാ വഴിയിലുള്ള ഹോട്ടലുകൾ നെയിംപ്ലേറ്റുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ നിർബന്ധമാക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഗംഗയിൽ നിന്ന് ശേഖരിച്ച വെള്ളവുമായി ഹരിദ്വാറിലേക്ക് പോയ കൻവാർ തീർത്ഥാടക സംഘം വഴിക്കു വെച്ച് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുകയായിരുന്നു.
എന്നാൽ കഴിക്കാൻ കൊണ്ട് വെച്ച കറിയിൽ ഉള്ളി കഷ്ണം കണ്ടെന്നും പറഞ്ഞ് പാചകക്കാരൻ ഉൾപ്പടെ ഹോട്ടലിലെ ജീവനക്കാരെ മർദിക്കുകയായിരുന്നു. ഹോട്ടലിലെ ഫർണിച്ചറുകളും മറ്റ് സാധനങ്ങളും തീർത്ഥാടകർ നശിപ്പിച്ചു.
എന്നാൽ ആശയ കുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും കൻവാർ തീർത്ഥാടകർ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തില്ലെന്ന കാര്യം തങ്ങൾക്കറിയില്ലെന്നും ഹോട്ടൽ ഉടമ പ്രമോദ് കുമാർ പറഞ്ഞു.സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlight: Kanwariyas ransack eatery in UP over onion in curry; Indore seeks to emulate Yogi govt order