| Monday, 22nd July 2024, 8:14 pm

യു.പിയിലും ഉത്തരാഖണ്ഡിലും അക്രമം അഴിച്ചുവിട്ട് കൻവാർ തീർത്ഥാടകർ; കാർ തല്ലിതകർത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കാര്‍ ആക്രമിച്ച് കന്‍വാര്‍ യാത്രക്കാര്‍. കാര്‍ തീര്‍ത്ഥാടകരെ കടന്നുപോയതിനാണ് സംഘം യാത്രക്കാരെ ആക്രമിച്ചത്. മുസാഫര്‍നഗറിലെ ചപ്പാര്‍ ഗ്രാമത്തിലാണ് സംഭവം.

കാര്‍ തങ്ങളെ കടന്ന് പോയത് മതപരമായ ചടങ്ങുകളെ ബാധിച്ചെന്നാണ് അക്രമികള്‍ അവകാശപ്പെട്ടത്. തീര്‍ത്ഥാടകര്‍ കാര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കാറിന്റെ ചില്ലുകള്‍ തകര്‍ത്ത തീര്‍ത്ഥാടകര്‍ ഡ്രൈവറെയും യാത്രക്കാരെയും മര്‍ദിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന്, മുസാഫര്‍നഗര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കന്‍വാര്‍ തീര്‍ത്ഥാടകരെ തങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതോടെ അവര്‍ യാത്ര പുനരാരംഭിച്ചെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. അതേസമയം പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഉത്തരാഖണ്ഡിലും കന്‍വാര്‍ തീര്‍ത്ഥാടകര്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഉത്തരാഖണ്ഡിലെ തെഹ്രിയിലെ നീലകണ്ഠ ക്ഷേത്രത്തിന് സമീപം പാര്‍ക്കിങ്ങിന്റെ പേരിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ വാളുകൊണ്ട് ആക്രമിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ, കൻവാർ യാത്ര കടന്നു പോകുന്ന വഴികളിലെ ഹോട്ടലുടമകളോട് അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ നിർദേശം നൽകിയ യു.പി, ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവ് സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്തു.

ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാർ നിർദേശങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഏത് തരം ഭക്ഷണമാണ് വിളമ്പുന്നതെന്ന് ഹോട്ടലുകൾ പ്രദർശിപ്പിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ നിർദേശത്തിനെതിരെ ദൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദും മനുഷ്യാവകാശ പ്രവർത്തകൻ ആകർ പട്ടേലും ഞായറാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ മഹുവ മൊയ്ത്ര അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ഹരജി ഫയൽ ചെയ്തിരുന്നു.

Content Highlight: Kanwariyas attack car in UP; parking attendant assaulted in Uttarakhand

We use cookies to give you the best possible experience. Learn more