ഭീതിപടര്‍ത്തി കന്‍വാര്‍ യാത്ര; പൊലീസ് റെഡ് കാര്‍ഡ് പുറപ്പെടുവിച്ചു; ബറേലിയില്‍ 70 മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു; നോണ്‍വെജ് ഹോട്ടലുകള്‍ അടച്ചുപൂട്ടി
national news
ഭീതിപടര്‍ത്തി കന്‍വാര്‍ യാത്ര; പൊലീസ് റെഡ് കാര്‍ഡ് പുറപ്പെടുവിച്ചു; ബറേലിയില്‍ 70 മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു; നോണ്‍വെജ് ഹോട്ടലുകള്‍ അടച്ചുപൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th August 2018, 11:59 am

ന്യൂദല്‍ഹി: കന്‍വാര്‍ യാത്ര അക്രമാസക്തമാവുമെന്ന് ഭയന്ന് ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഖൈലാമില്‍ എഴുപതോളം മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു. ആക്രമണമുണ്ടാവുമെന്ന് പൊലീസ് റെഡ്കാര്‍ഡ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്.

റെഡ്കാര്‍ഡിന് പുറമെ ഹിന്ദുക്കളും മുസ്‌ലിംങ്ങളുമടങ്ങുന്ന 250 കുടുംബങ്ങളെ കൊണ്ട് ബോണ്ടില്‍ ഒപ്പുവെപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ മേഖലയിലൂടെ യാത്ര കടന്നുപോയപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു.

“കന്‍വാര്‍ യാത്രയക്കിടയില്‍ നിങ്ങള്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. യാത്രയ്ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കിയാല്‍ നിങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്” റെഡ്കാര്‍ഡ് പറയുന്നു. സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ മുന്‍ കരുതലെന്ന നിലയ്ക്കാണ് റെഡ്കാര്‍ഡ് പുറപ്പെടുവിച്ചതെന്ന് അലിഗഞ്ച് എസ്.എച്ച്.ഒ വിശാല്‍പ്രതാപ് സിങ് പറഞ്ഞു.

ഉത്തരാഖണ്ഡിലെ വിവിധ ഹിന്ദുമത കേന്ദ്രങ്ങളിലേക്കുള്ള ശിവഭക്തരുടെ തീര്‍ത്ഥാടന യാത്രയാണ് കന്‍വാര്‍ യാത്ര. 13 ദിവസം നീളുന്ന യാത്രയുടെ 13ാമത്തെയും അവസാനത്തെയും ദിവസമാണ് ഇന്ന്.

സംഘര്‍ഷം ഭയന്ന് മീററ്റിലടക്കം പല നോണ്‍വെജ് ഹോട്ടലുകളും വെജിറ്റേറിയന്‍ ആക്കുകയോ അടച്ചിടുകയോ ചെയ്തിരിക്കുകയാണ്.

 

“ഈ വര്‍ഷം കന്‍വാര്‍ യാത്രയുടെ 13 ദിവസങ്ങളിലും നോണ്‍വെജ് ഹോട്ടലുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ പതിമൂന്നാം ദിവസം ശിവരാത്രി ദിനത്തില്‍ മാത്രമാണ് അടച്ചിടാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നത്. അതുകൊണ്ടാണ് വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പി ഹോട്ടലുകള്‍ തുറക്കാന്‍ തീരുമാനിച്ചത്” അബ്ദുള്‍ റഹ്മാന്‍ എന്ന ഹോട്ടലുടമ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഈ ഹോട്ടലുകളിലെല്ലാം വെജ്ബിരിയാണിയും വെജ് ഹലീമുമാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ഹോട്ടലുകളെല്ലാം നിലവിലുള്ള ബോര്‍ഡ് മറച്ചുവെച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഈ ദിവസങ്ങളില്‍ കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുന്നതെന്ന് അബ്ദുള്‍ റഹ്മാന്‍ പറയുന്നു. ഒറ്റ കന്‍വാര്‍ യാത്രക്കാര്‍ പോലും ഹോട്ടലിലേക്ക് വരുന്നില്ല. മട്ടന്‍ ഹലീമും ബിരിയാണിയും കഴിക്കുന്ന സ്ഥിരം കസ്റ്റര്‍മാരെയും കിട്ടുന്നില്ല. ദിവസവും 15000 രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. അബ്ദുള്‍ റഹ്മാന്‍ പറയുന്നു.

എന്നാല്‍ കടകളടയ്ക്കാന്‍ ഉത്തരവിറക്കിയിട്ടില്ലെന്ന് മീററ്റ് അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് കുമാര്‍ റണ്‍ വിജയ് സിങ് പറഞ്ഞു. സ്വന്തം നിലയ്ക്ക് കടയുട
മകള്‍ അടയ്ക്കുന്നതാണെന്നും അടച്ചിടുന്നത് പൊതുരീതിയായിരിക്കുകയാണെന്നും പൊലീസ് പറയുന്നു.

കന്‍വാര്‍ യാത്രയ്ക്കിടെ ദല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സംഘര്‍ഷം പതിവാണ്.

ബുധനാഴ്ച ദല്‍ഹിയിലെ മോത്തിനഗറില്‍ വാഹനം ദേഹത്ത് ഉരസിയെന്നാരോപിച്ച യാത്രികര്‍ കാര്‍ തല്ലിതകര്‍ത്തിരുന്നു. നടുറോഡില്‍ പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്റെ കാറായിരുന്നു സംഘം തകര്‍ത്തത്. ആക്രമണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

മറ്റൊരു ആക്രമണ സംഭവത്തില്‍ യു.പിയിലെ ബുലന്ദ്ശഹ്‌റില്‍ പൊലീസ് എമര്‍ജന്‍സി വാഹനം തകര്‍ക്കുകയും പൊലീസുകാരനെ ഓടിക്കുകയും ചെയ്തിരുന്നു. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് വേണ്ടി ഒരുക്കിയതായിരുന്നു വാഹനം.

യു,പിയിലെ ഉല്‍ദേപൂരില്‍ കന്‍വാര്‍ യാത്ര കാണാന്‍ പോയ ദളിത് യുവാക്കളെ മേല്‍ജാതിക്കാര്‍ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രോഹിത് എന്ന ദളിത് യുവാവ് കൊല്ലപ്പെട്ടിരുന്നു.

 

കന്‍വാര്‍ യാത്രികരുടെ വാഹനം പരിശോധിക്കണമെന്ന് ഉത്തരാഖണ്ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ് അഭ്യന്തര സെക്രട്ടറിമാര്‍ക്ക് കത്തെഴുതിയിരുന്നു. തീര്‍ത്ഥാടകരില്‍ നിന്നും തൃശൂലം, ഹോക്കി സ്റ്റിക്കുകള്‍, ബേസ്‌ബോള്‍ ബാറ്റുകള്‍, വടികള്‍ എന്നിവ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.

“കഴിഞ്ഞ വര്‍ഷം 3.7 കോടിയാത്രികരാണുണ്ടായിരുന്നത്. ഈ വര്‍ഷം ഇതില്‍ കൂടുതല്‍ പേരുണ്ടാകും. പ്രകോപനമുണ്ടാകുമ്പോള്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ ആയുധമെടുക്കാന്‍ യാത്രികര്‍ മടിക്കാറില്ല. പൊതുജനങ്ങളുമായും കച്ചവടക്കാരുമായും ഇവര്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്.” പ്രിന്‍സിപ്പല്‍ സെക്രട്ടറി ആനന്ദ വര്‍ധന്‍ നല്‍കിയ കത്തില്‍ പറയുന്നു.