കന്‍വാര്‍ യാത്രയിലെ വിവാദ ഉത്തരവില്‍ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി
national news
കന്‍വാര്‍ യാത്രയിലെ വിവാദ ഉത്തരവില്‍ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2024, 3:49 pm

ന്യൂദല്‍ഹി: കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് പൊലീസ് പുറപ്പെടുവിച്ച ഉത്തരവില്‍ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി. നടപടി സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച സുപ്രീം കോടതി നീട്ടി.

ജൂലൈ 22ലെ ഉത്തരവില്‍ മാറ്റമൊന്നും ഇല്ലെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.സി.എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ജൂലൈ 22ലെ ഉത്തരവില്‍ പറയേണ്ട കാര്യങ്ങള്‍ കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

നെയിം ബോര്‍ഡില്‍ പേര് വെളിപ്പെടുത്താന്‍ ആരെയും നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി ആവര്‍ത്തിച്ചു.

ഹരജിയില്‍ ഉത്തരാഖണ്ഡിനും മധ്യപ്രദേശിനും മറുപടി നല്‍കാന്‍ കോടതി അധിക സമയം നല്‍കുകയും അടുത്ത വാദം രണ്ടാഴ്ചക്ക് ശേഷം ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു. അതിനിടെ യു.പി സര്‍ക്കാര്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നടപടിയെ ന്യായീകരിച്ചിരുന്നു.

സമാധാനപരമായ തീർത്ഥാടനം ഉറപ്പാക്കാനാണ് ഉത്തരവിലൂടെ ഉദ്ദേശിച്ചതെന്നാണ് യു.പി സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞത്. ഇത്തരത്തിലൊരു നിർദേശം പുറപ്പെടുവിച്ചത് കൻവാർ തീർത്ഥാടകരുടെ മത വികാരം വ്രണപ്പെടുത്താതിരിക്കാനാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കടകളുടേയും ഭക്ഷണശാലകളുടേയും പേരുകൾ സംബന്ധിച്ച ആശയക്കുഴപ്പം സംബന്ധിച്ച് കൻവാരിയ വിഭാഗത്തിൽ നിന്ന് ലഭിച്ച പരാതികൾ പരിഗണിച്ചാണ് നിർദേശം നൽകിയതെന്നും സംസ്ഥാന സർക്കാർ വിശദീകരിച്ചു.

‘ഭക്ഷണം വിൽക്കുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ വലിയ തരത്തിലുള്ള അസ്വസ്ഥതകൾക്ക് ഇടയാക്കിയതായി മുൻകാല സംഭവങ്ങൾ കാണിക്കുന്നു. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുള്ള ഒരു മുൻകരുതൽ നടപടിയാണ് നിർദേശങ്ങൾ.

ഉടമസ്ഥരുടെ പേരുകൾ പ്രദർശിപ്പിക്കാനുള്ള നിർദേശം സുതാര്യത ഉറപ്പുവരുത്തുന്നതിനും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനുമുള്ള ഒരു കേവല നടപടിയാണ്. സമാധാനപരവും യോജിപ്പുള്ളതുമായ തീർത്ഥാടനം ഉറപ്പാക്കുന്ന പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്,’ യു.പി സർക്കാർ അറിയിച്ചു.

Content Highlight: Kanwar Yatra eateries row: Supreme Court extends interim order, says ‘can’t force anyone’