ചിക്കന്‍ പലതരത്തില്‍ പാചകം ചെയ്യാം. എന്നാല്‍ എരിവും മണവുമൊക്കെയുള്ളതാണെങ്കില്‍ കുറച്ചുകൂടി നല്ലത്. എരിവിന് കാന്താരിയേക്കാള്‍ ബെസ്റ്റ് മറ്റൊന്നുമില്ല. എന്നാല്‍ കാന്താരി മുളകിട്ട ചിക്കന്‍ ഫ്രൈ ആയാലോ? വായില്‍ വെള്ളമൂറുന്ന കാന്താരി ചിക്കന്‍ ഫ്രൈ പാചകം ചെയ്യുന്ന വിധം
ചേരുവകള്‍
1. ചിക്കന്‍ -1 കിലോ (ചെറുതായി മുറിച്ചത്)
2.സവാള -3
3. വെളിച്ചെണ്ണ : കാല്‍ കപ്പ്, (നാല് ടേബിള്‍സ്പൂണ്‍)
4.. ഇഞ്ചി : 2 റ്റേബിള്‍സ്പൂണ്‍സ് അരിഞ്ഞത്
5. വെളുത്തുള്ളി : 2 ടേബിള്‍സ്പൂണ്‍സ് അരിഞ്ഞത്
6.. പച്ചമുളക് : 3 എണ്ണം, അരിഞ്ഞത്
7. തക്കാളി : 1 വലുത്, അരിഞ്ഞത്
8. മഞ്ഞള്‍ പൊടി : അര ടീസ്പൂണ്‍
9. കാന്താരി മുളക്: 20 എണ്ണം, ഉപ്പിലിട്ടു ചതച്ചത്
10. കറിവേപ്പില : 4 തണ്ട്
11. നാരങ്ങാ : 1 ചെറുത്
12. വെള്ളം : ആവശ്യംപോലെ
13. ഉപ്പ് : ആവശ്യത്തിന്
1. ഉണക്ക മല്ലി : 4 ടേബിള്‍സ്പൂണ്‍സ്
2. പെരുംജീരകം : 1 ടേബിള്‍സ്പൂണ്‍
3. കറി ജീരകം : 1 ടേബിള്‍സ്പൂണ്‍
4. കുരുമുളക് : 1 ടേബിള്‍സ്പൂണ്‍
5. ഉണക്കമുളക് : 2 എണ്ണം
6. കറുവാപ്പട്ട : 1 കഷ്ണം
7. ഗ്രാമ്പു : 6 എണ്ണം
8. ഏലയ്ക്കാ : 6 എണ്ണം
9. ജാതിപത്രി : 2 എണ്ണം
10. ജാതിക്ക : 1 എണ്ണം
11. തക്കോലം : 1 എണ്ണം
മേല്‍പ്പറഞ്ഞ ചേരുവകള്‍ നന്നായി ചൂടാക്കി വറുക്കുക. സുഗന്ധം പരക്കുംവരെ വറുക്കല്‍ തുടരാം. പിന്നെ തീ ഓഫ് ചെയ്ത് തണുത്ത ശേഷം മിക്‌സിയില്‍ പൊടിക്കുക.
പാകം ചെയ്യുംവിധം
ഒരു പാനില്‍ കാല്‍കപ്പ് വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ചതച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. നിറം മാറുമ്പോഴേക്കും സവാള ചേര്‍ത്ത് വഴറ്റുക. പിന്നീട് പച്ചമുളകും തക്കാളിയും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. ഇത് വേവുംവരെ ചെറുതീയില്‍ വഴറ്റുക. തക്കാളി നന്നായി ചേര്‍ന്നുകഴിഞ്ഞാല്‍ കാന്താരി ചിക്കന്‍ മസാലപൗഡര്‍ പൊടിച്ചുവെച്ചത് ചേര്‍ക്കുക. എന്നിട്ട് മൂപ്പിച്ച ശേഷം വൃത്തിയാക്കിയ ചിക്കന്‍കഷ്ണങ്ങള്‍ ചേര്‍ക്കുക. തീ കുറച്ചുവെച്ച് അടച്ചുവേവിക്കുക. മസാല വെന്ത് മുകളില്‍ എണ്ണ തെളിഞ്ഞ് കാണുമ്പോള്‍ ചതച്ചുവെച്ച ഉപ്പിലിട്ട കാന്താരി മുളക് ,കറിവേപ്പില,ചെറുനാരങ്ങയുടെ നീര് എന്നിവ ചേര്‍ക്കുക. ഇവ നന്നായി ഇളക്കികൊണ്ടിരിക്കുക. മസാലകള്‍ മൂത്താലുള്ള മണം വന്നുതുടങ്ങിയാല്‍ ഉപ്പും ചേര്‍ത്ത് ഇറക്കിവെക്കാം.
ഇനി ഉപ്പിലിട്ട കാന്താരിയില്ലെങ്കില്‍ മസാലകളില്‍ പച്ചമുളക് ചേര്‍ക്കുന്ന സമയം ഇടിച്ചുവെച്ച പച്ച കാന്താരി മുളക് ചേര്‍ത്തുകൊണ്ടും ഈ റസിപ്പി ഉണ്ടാക്കാവുന്നതാണ്.