കാന്താരയിലെ വരാഹരൂപം എന്ന ഗാനവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ പൃഥ്വിരാജിനെതിരായ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി സ്‌റ്റേ നല്‍കിയത്. കാന്താരയുടെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനാണ്.
കേസുമായി ബന്ധപ്പെട്ട് കാന്താരയുടെ സംവിധായകന്‍ ഋഷഭ് ഷെട്ടി അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. തുടര്‍ന്ന് പൊലീസാണ് ഈ കേസുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെയും ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന കാര്യം അറിയിച്ചത്.
സിനിമയിലെ വരാഹരൂപം പാട്ട് ഒറിജിനലാണെന്നും പകര്‍പ്പവകാശ ലംഘനം നടന്നിട്ടില്ലെന്നും കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ ഹാജരായപ്പോള്‍ ഋഷഭ് ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ നിലപാടുമായി മുമ്പോട്ട് പോകുമെന്നും, ഇക്കാര്യങ്ങളെല്ലാം പെലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് മൊഴിയെടുക്കാന്‍ വിളിച്ചത് സാധാരണ നടപടി ക്രമങ്ങളുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഋഷഭ് ഷെട്ടിക്ക് പുറമെ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂറിനെയും കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.
തൈക്കുടം ബ്രിഡ്ജിന്റെ നവരസ എന്ന ഗാനത്തിന്റെ പകര്‍പ്പാണ് വരാഹരൂപം എന്നാരോപിച്ച് കപ്പ ടി.വിക്ക് വേണ്ടി മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിക്കേഷന്‍സാണ് പൊലീസില്‍ പരാതി നല്‍കിയത്. 2022ലാണ് കാന്താര തിയേറ്ററുകളിലെത്തിയത്. സിനിമ വലിയ വിജയമായിരുന്നു.