ഇനി വരാനിരിക്കുന്നത് മാസ്മരിക ദൃശ്യാനുഭവം; കാന്താരയുടെ മറ്റൊരു രൂപം
Film News
ഇനി വരാനിരിക്കുന്നത് മാസ്മരിക ദൃശ്യാനുഭവം; കാന്താരയുടെ മറ്റൊരു രൂപം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th November 2023, 2:01 pm

2022ൽ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് കാന്താര. ചെറിയ ബജറ്റില്‍ എത്തിയ ചിത്രം എല്ലാ ഭാഷകളിലും വൻ വിജയമായിരുന്നു. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകനായത്.

കാന്താര ചാപ്റ്റര്‍ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ​ഗംഭീര ദൃശ്യാനുഭവം ആയിരിക്കും എന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. ഡിസംബർ ആദ്യ വാരം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

കാന്തര ചാപ്റ്റര്‍ 1 ന്റെ ആദ്യ ടീസറാണ് പുറത്തു വന്നിരിക്കുന്നത്. 1:22 മിനിട്ട് ദൈർഘ്യമാണ് ടീസറിലുള്ളത്. ഒരു മണിക്കൂറിനുള്ളിൽ ഒമ്പത് ലക്ഷത്തിന് മുകളിലുള്ള ആളുകളാണ് ടീസർ കണ്ടിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്.

കേരളത്തിൽ നിന്നും മികച്ച പ്രതികരണമായിരുന്നു കാന്തരക്ക് ലഭിച്ചിരുന്നത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും കാന്താര മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. വ്യത്യസ്തമായ ആഖ്യാനവുമായി എത്തിയ ചിത്രം മികച്ച പ്രകടനം തന്നെ ബോക്‌സ് ഓഫീസിലും കാഴ്ചവച്ചിരുന്നു.

സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: kanthara chapter 1 movie’s first look teaser out