ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുണ്ടായിരുന്ന ഹിജാബ് നിരോധനം പിന്‍വലിക്കുന്ന കാര്യത്തില്‍ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. ബെംഗളൂരുവില്‍ വെച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് കാന്തപുരം ഇക്കാര്യം ആവശ്യപ്പെട്ടത്. ഹിജാബ് നിരോധനം മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമന മോഹങ്ങളെ തകര്‍ക്കുന്നതാണ്. ഇത് ഭരണഘടന സ്വാതന്ത്ര്യങ്ങളുടെ ലംഘനമാണെന്നും കാന്തപുരം പറഞ്ഞു.
ബെംഗളൂരുവിലെ കാവേരി ഹൗസിലായിരുന്നു കൂടിക്കാഴ്ച. എസ്.എസ്.എഫ് കര്‍ണാടക ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനം സംബന്ധിച്ച് വിവിധ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട നിവേദനവും കാന്തപുരം സമര്‍പ്പിച്ചു.
വിവധ മതസമൂഹങ്ങള്‍ക്കിടയില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതിന് വേണ്ടി സര്‍ക്കാറിന്റെ ഇടപടെലുണ്ടാകണമെന്നും കൂടിക്കാഴ്ചയില്‍ കാന്തപുരം ആവശ്യപ്പെട്ടു. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകണം. മുസ്‌ലിം വിഭാഗത്തിന് ലഭിച്ചിരുന്ന നാല് ശതമാനം സംവരണം നിര്‍ത്തലാക്കിയ മുന്‍സര്‍ക്കാറിന്റെ നടപടി ഉടന്‍ റദ്ദാക്കണം. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങലും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ മുന്നലുണ്ടാകണമെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ കര്‍ണാടക മുഖ്യമന്ത്രിയോട് പറഞ്ഞു.
കൂടിക്കാഴ്ചയില്‍ മര്‍കസ് നോളേജ് സിറ്റി സന്ദര്‍ശിക്കാനുള്ള കാന്തപുരത്തിന്റെ ക്ഷണം സിദ്ധരാമയ്യ സ്വീകരിച്ചു. കര്‍ണാടക ന്യൂനപക്ഷ ക്ഷേമ, വഖഫ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ്, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അന്‍വര്‍ പാഷ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
content highlights; Kanthapuram to Siddaramaiah that immediate attention should be given to lifting the ban on hijab