കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് വേദനാജനകവും നിരാശയുളവാക്കുന്നതുമായ ഒന്നാണ് ഹൈക്കോടതി വിധി വേദനാജനകമെന്ന് കാന്തപുരംയെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍.
‘വിദ്യാഭ്യാസ തൊഴില്‍ പ്രാതിനിധ്യ രംഗത്തെ മുസ്‌ലിം പിന്നോക്കാവസ്ഥ ഇന്ന് വാദിച്ചുറപ്പിക്കേണ്ട ഒരു വിഷയമല്ല. കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. ചരിത്രപരവും അല്ലാത്തതുമായ പല കാരണങ്ങളാലാണ് മുസ്‌ലിം സമൂഹം ഈ രംഗങ്ങളില്‍ പിന്നോക്കമായത്.
സച്ചാര്‍ സമിതി റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഈ പിന്നോക്കാവസ്ഥയുടെ നടുക്കുന്ന ആഴം വെളിവാക്കിയിരുന്നു. ഉദ്യോഗസ്ഥ പ്രാതിനിധ്യത്തില്‍ ഭീമമായ കുറവാണ് മുസ്‌ലിം സമുദായത്തിനുള്ളത്. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ് അതിന്റെ പ്രധാന കാരണം,’ കേരള മുസ്‌ലിം ജമാഅത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മിക്ക ന്യൂനപക്ഷങ്ങളും പിന്നോക്കാവസ്ഥയിലാണ് എന്നതില്‍ തര്‍ക്കമില്ലെന്നും അതിന് സര്‍ക്കാര്‍ സഹായങ്ങളും പദ്ധതികളും ആവിഷ്‌കരിക്കണമെന്നും കാന്തപുരം പ്രസ്താവനയില്‍ പറയുന്നു.
ക്രിസ്ത്യന്‍-മുസ്‌ലിം പ്രശ്നമായി ഇതിനെ മാറ്റുകയും സഹോദരങ്ങളായ ക്രിസ്തുമത വിശ്വസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്യാനുള്ള നീക്കങ്ങളെ ചെറുക്കണമെന്നും ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ കക്ഷികളുടെ ശ്രമങ്ങള്‍ നിരുല്‍സാഹപ്പെടുത്തണമെന്നും കാന്തപുരം പറഞ്ഞു.
സാമൂഹിക യാഥാര്‍ഥ്യം തുറന്നുകാട്ടി, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കുകള്‍ സഹിതം നിരത്തി സര്‍ക്കാരിനോട് അപേക്ഷിക്കുക മാത്രമാണ് മുസ്‌ലിം സമൂഹം ചെയ്യുന്നത്. ആ അപേക്ഷ കാണാന്‍ സമൂഹം തയ്യാറാവണമെന്നും കാന്തപുരം അഭ്യര്‍ഥിച്ചു.
അതേസമയം, സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടിയ്ക്കെതിരെ മുസ്‌ലിം ലീഗ് അപ്പീല്‍ നല്‍കും. ഇ.ടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം അറിയിച്ചത്.
80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്‌ലിം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ 60:40 എന്ന അനുപാതത്തിലേക്ക് വരും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ നിലവിലെ അനുപാതം തന്നെ തുടരേണ്ടി വരും.
നിലവിലെ അനുപാതം ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.