| Sunday, 10th March 2024, 9:46 pm

വിമോചന സമരക്കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഫത്‌വക്കായി മുസ്‌ലിം പണ്ഡിതന്മാരെ സമീപിച്ചതായി കാന്തപുരത്തിന്റെ ആത്മകഥ; പരാജയപ്പെടുത്തിയത് സ്വദഖത്തുല്ല മുസ്‌ലിയാരെന്നും വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിമോചന സമരക്കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഫത്‌വക്കായി അന്നത്തെ രാഷ്ട്രീയ നേതാക്കള്‍ മുസ്‌ലിം പണ്ഡിതന്മാരെ സമീപിച്ചിരുന്നതായി കാന്തപുരത്തിന്റെ ആത്മകഥ. മലയാള മനോരമയുടെ വാരാന്ത്യപതിപ്പില്‍ പ്രസിദ്ധീകരിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മകഥയിലാണ് പരാമര്‍ശം.

ആത്മകഥയുടെ മൂന്നാം ഭാഗമായ ‘ഭൂപരിഷ്‌കരണവും വിമോചന സമരവും’ എന്ന ഭാഗത്തില്‍ ‘മാറുന്ന രാഷ്ട്രീയ കാലാവസ്ഥ’യെന്ന തലക്കെട്ടിലാണ് ഈ നീക്കത്തെ കുറിച്ച് കാന്തപുരം മുസ്‌ലിയാര്‍ വിശദീകരിക്കുന്നത്.

കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഫത്‌വ സംഘടിപ്പിക്കുന്നതിനായി മുസ്‌ലിം പണ്ഡിതന്മാരെ സമീപിച്ച ഏതാനും രാഷ്ട്രീയ നേതാക്കളുടെ നീക്കം പരാജയപ്പെടുത്തിയത് സമസ്തയുടെ സ്ഥാപകാംഗമായ കെ.കെ. സ്വദഖത്തുല്ല മുസ്‌ലിയാരെന്നും ആത്മകഥയില്‍ പറയുന്നുണ്ട്.

വിമോചന സമരത്തിലൂടെ ഇ.എം.എസിന്റെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ താഴെവീണതോടെ മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി. ഈ കാലയളവിലാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഫത്‌വ നടത്താന്‍ നേതൃനിരയില്‍ ഉണ്ടായിരുന്ന ചില നേതാക്കള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ സമീപിച്ചതെന്ന് കാന്തപുരം പറയുന്നു.

‘കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യുന്നവര്‍ മുസ്‌ലിങ്ങള്‍ അല്ല. അവരുമായി വിവാഹബന്ധം പാടില്ല. കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യയെ മറ്റൊരാള്‍ക്ക് നികാഹ് ചെയ്യാന്‍ ആദ്യ ഭര്‍ത്താവിന്റെ ത്വലാഖ് ആവശ്യമില്ല,’ എന്ന് സമസ്ത തീരുമാനമെടുക്കണമെന്നായിരുന്നു നേതാക്കള്‍ ഉന്നയിച്ച ആവശ്യമെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

എന്നാല്‍ കെ.കെ. സ്വദഖത്തുല്ല നേതാക്കളുടെ നീക്കത്തെ പ്രതിരോധിച്ചതോടെ ഈ വിഷയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിച്ചുവെന്നും കാന്തപുരം മുസ്‌ലിയാര്‍ കൂട്ടിച്ചേര്‍ത്തു. സമസ്തയുടെ രാഷ്ട്രീയ നിലപാടുകളില്‍ ശക്തമായ ദീര്‍ഘവീക്ഷണം ഉള്ള വ്യക്തി ആയിരുന്നു മുശാവറ അംഗം കൂടിയായ സ്വദഖത്തുല്ല മുസ്‌ലിയാരെന്നും അദ്ദേഹം പറഞ്ഞു.

1950 എന്നുപറയുന്നത് കോണ്‍ഗ്രസും ലീഗും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായിരുന്നെന്നും അദ്ദേഹം ആത്മകഥയില്‍ പറയുന്നു. മുസ്‌ലിം ലീഗിനെ കൂടെക്കൂട്ടുന്നത് ഭാരമാകുമോയെന്ന് കോണ്‍ഗ്രസും സഖ്യം ചേര്‍ന്നാല്‍ രാജ്യത്തെ മുഖ്യധാരാ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടി ആകാന്‍ കഴിയുമോയെന്ന് ലീഗും ചിന്തിച്ചിരുന്ന സമയമായിരുന്നു ഇതെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

Content Highlight: Kanthapuram’s autobiography states that during the liberation struggle, the political leaders of the day approached Muslim scholars for fatwas against the communists

We use cookies to give you the best possible experience. Learn more